ലിത്വാനിയയുടെ തലസ്ഥാനമായ വില്‍നിയസിന് പുറത്തുള്ള ഒരു പരിശീലന മേഖലയില്‍ നിന്ന് നാല് യുഎസ് ആര്‍മി സൈനികരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് യുഎസ് സൈന്യം അറിയിച്ചു. സൈനികര്‍ ആ സമയത്ത് ഷെഡ്യൂള്‍ ചെയ്ത തന്ത്രപരമായ പരിശീലനം നടത്തുകയായിരുന്നുവെന്ന് ജര്‍മ്മനിയിലെ വീസ്ബാഡനിലെ യുഎസ് ആര്‍മിയുടെ യൂറോപ്പ്-ആഫ്രിക്ക പബ്ലിക് അഫയേഴ്സില്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബെലാറസിന്റെ അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്ററില്‍ മാത്രം അകലെയുള്ള പാബ്രേഡിലെ ജനറല്‍ സില്‍വെസ്ട്രാസ് സുക്കൗസ്‌കസ് പരിശീലന ഗ്രൗണ്ടില്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഒരു അഭ്യാസത്തിനിടെയാണ് നാല് യുഎസ് സൈനികരെയും വാഹനവും കാണാതായതെന്ന്  ലിത്വാനിയന്‍ ദേശീയ മാധ്യമമായ എല്‍ആര്‍ടി റിപ്പോര്‍ട്ട് ചെയ്തു.

ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ എന്നീ ബാള്‍ട്ടിക് രാജ്യങ്ങളെല്ലാം നാറ്റോ അംഗങ്ങളാണ്. 1990-ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനുശേഷം ബെലാറസിന്റെ പ്രധാന സഖ്യകക്ഷിയായ റഷ്യയുമായി പലപ്പോഴും തണുത്ത ബന്ധമാണ് ഈ രാജ്യങ്ങള്‍ പുലര്‍ത്തിയിരുന്നത്.

2022-ല്‍ റഷ്യ ഉക്രെയ്നിനെ ആക്രമിച്ചതിനെത്തുടര്‍ന്ന് ബന്ധങ്ങള്‍ കൂടുതല്‍ വഷളായി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സൈന്യത്തിനെതിരായ പോരാട്ടത്തില്‍ ഉക്രെയ്നിനെ ഏറ്റവും തുറന്നു പിന്തുണയ്ക്കുന്നവരില്‍ ഒരാളാണ് ലിത്വാനിയന്‍ പ്രസിഡന്റ് ഗീതാനസ് നൗസേദ.