യുദ്ധത്താല്‍ തകര്‍ന്ന ഗാസ മുനമ്പ് ഏറ്റെടുക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. തങ്ങള്‍ അത് ഏറ്റെടുത്ത് വികസിപ്പിക്കുമെന്നും സ്വന്തമാക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച വ്യക്തമാക്കി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ ഗാസയുടെ ദീര്‍ഘകാല യുഎസ് ഉടമസ്ഥത താന്‍ കാണുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഉറപ്പിച്ച് പറഞ്ഞിരുന്നു.

ട്രംപിനൊപ്പം സംസാരിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ട്രംപിന്റെ ആശയം ചരിത്രം മാറ്റിമറിക്കാന്‍ കഴിയുന്ന ഒന്നാണെന്നും ട്രംപ് ഗാസയ്ക്ക് വ്യത്യസ്തമായ ഒരു ഭാവി വിഭാവനം ചെയ്യുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇസ്രായേലും പാലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസും 2023 ഒക്ടോബര്‍ മുതല്‍ അടുത്തിടെയുണ്ടായ വെടിനിര്‍ത്തല്‍ വരെ ഗാസയില്‍ രക്തരൂക്ഷിതമായ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.

തന്റെ വികസന പദ്ധതിക്ക് ശേഷം ലോകമെമ്പാടുമുള്ള ആളുകള്‍ ഗാസയില്‍ താമസിക്കുന്നത് താന്‍ സങ്കല്‍പ്പിക്കുന്നുവെന്ന് പറഞ്ഞ ട്രംപ്, ഭാവിയില്‍ മിഡില്‍ ഈസ്റ്റിലേക്കുള്ള യാത്രയില്‍ ഗാസ, ഇസ്രായേല്‍, സൗദി അറേബ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.