ഡാളസ്: കനത്ത മഞ്ഞുവീഴ്ചയ്ക്കും കൊടുങ്കാറ്റിനുമുള്ള സാധ്യത കണക്കിലെടുത്ത് നോർത്ത് ടെക്സസ് സ്കൂളുകൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. ഡാളസ് ഫോർട്ട് വർത്ത്, ഗാർലാൻഡ്, മെസ്ക്വിറ്റ്, ഡാളസ് ഐഎസ്ഡി തുടങ്ങിയ സ്കൂളുകൾക്കാണ് അവധി.
മിക്ക സ്കൂളുകളും ഇനി തിങ്കളാഴ്ചയേ തുറക്കുകയുള്ളു. അതാത് ഐഎസ്ഡി വെബ്സൈറ്റുകളിൽ അവധി സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാണ്. വ്യാഴാഴ്ച രാവിലെ ആറിന് ശേഷം മഴയ്ക്ക് തുടക്കമാകുമെന്ന് ഫോർട്ട് വർത്തിലെ ഓഫിസിലെ കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ്നൽകിയിട്ടുണ്ട്.
മഞ്ഞുവീഴ്ചയും ഇന്ന് വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ കൊടുങ്കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഞ്ഞിനെ തുടർന്ന് വടക്കൻ ടെക്സസിലെ റോഡുകളിൽ വെള്ളിയാഴ്ച വരെ ഗതാഗത തടസമുണ്ടാകും. ഈ ദിവസങ്ങളിൽ യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.