പൊതുസമൂഹത്തിന് മുന്നിൽ ഒറ്റപ്പെട്ടു പോകുന്നതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ കേസിൽ സി.പി.ഐ വ്യത്യസ്ത നിലപാട് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പിണറായി വിജയനെ ഭയന്ന് സിപിഎം നേതാക്കൾ മുഖ്യമന്ത്രിയുടെ മകൾക്ക് മത്സരിച്ച് പിന്തുണ നൽകുകയാണ്. കോടിയേരി ബാലകൃഷ്ണൻറെ മകനെതിരെ കേസ് വന്നപ്പോൾ ഈ നിലപാടല്ല സിപിഎം സ്വീകരിച്ചത്. അധികാരത്തിൻറെ കൂടെ നിൽക്കാനാണ് ഇപ്പോൾ സിപിഎം നേതാക്കൾ തീരുമാനിച്ചിരിക്കുന്നത്. ഇതേ നിലപാട് തന്നെയാണ് ബിനോയ് വിശ്വവും ആദ്യം സ്വീകരിച്ചത്. പിന്നീട് പാർട്ടി യോഗം ചേർന്നപ്പോഴാണ് പുതിയ അഭിപ്രായം വന്നത്.

സിപിഐ നേതാക്കൾക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണ്. ഓരോ ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കും. ബിനോയ് വിശ്വത്തിൻറെ നിലപാട് എത്ര ദിവസം നിലനിൽമെന്ന് അറിയില്ല. പാർട്ടിയിലും മുന്നണിയിലും അസ്വസ്ഥതകൾ പുകയുന്നു എന്നതിൻറെ ഉദാഹരണമാണിത്. സ്തുതിപാടക സംഘം മത്സരിച്ച് സ്തുതി പാടുന്ന കാലത്താണ് ഇതൊക്കെ നടക്കുന്നത്. എല്ലാം കാരണഭൂതനാണെന്ന് പറയുന്ന ഒരു കാലത്ത് ജീവിക്കുമ്പോൾ അതിന് എതിരെ ചോദ്യം ഉന്നയിക്കാൻ ആരെങ്കിലുമെക്കെ വരട്ടെ. മകൾക്കെതിരായ കേസിൻറെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന നിലപടാണ് പ്രതിപക്ഷം സ്വീകരിച്ചത്. സി.പി.ഐയും അതേ നിലപാട് സ്വീകരിച്ചാൽ പിന്തുണയ്ക്കും. അവർ ആ നിലപാട് സ്വീകരിക്കുമോയെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു