നിയമസഭയിൽ പ്രസംഗിക്കുന്നതിനിടെ ബഹളം വെച്ച ഭരണപക്ഷത്തോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കലാ രാജുവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവ് ക്ഷുഭിതനായത്. എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും എന്തും ചെയ്യാമെന്നാണോയെന്നും ചോദിച്ച് പ്രകോപിതനായ സതീശൻ കൈയിലെ പേപ്പറും വലിച്ചെറിഞ്ഞ് സീറ്റിലിരുന്നു.
കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. അനൂപ് ജേക്കബ് എം.എൽ.എയാണ് നോട്ടീസ് നൽകിയത്. എന്നാൽ മുഖ്യമന്ത്രി ഇത് തള്ളി. പിന്നാലെ വിഷയത്തിൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. തുടർന്ന് കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ വിഷയത്തിൽ മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് സതീശൻ സഭയിൽ നടത്തിയത്.
ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ നടത്തിയ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള പരാമർശത്തിൽ മുഖ്യമന്ത്രി ഉറച്ചുനിൽക്കുമെന്നാണ് കരുതിയത്. പക്ഷേ അദ്ദേഹം ക്രിനലുകളെ ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേവിലയാണെന്നാണ് മറുപടിയിൽ പുറത്തുവന്നത്. കേരളത്തിൽ എത്രയോ പഞ്ചായത്തുകളിൽ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറിയിരിക്കുന്നു. അവരെയൊക്കെ തട്ടിക്കൊണ്ടുപോകുകയാണോ. കാർ ഓടിച്ചത് ഡി.വൈ.എഫ്.ഐ അംഗമാണ്. പുതു തലമുറയെ ഇത്തരം കാര്യങ്ങൾ ചെയ്യാനാണോ നിങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. ക്രമിനലുകളെ വളർത്തുകയാണോ. ഇതാണോ നീതിബോധം -വസതീശൻ ചോദിച്ചു.
പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം കടുപ്പിച്ചു. ഇതിൽ പ്രകോപിതനായാണ് എന്ത് തെമ്മാടിത്തരമാണ് ഇവിടെ നടക്കുന്നതെന്നും എന്തും ചെയ്യാമെന്നാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചത്. സ്പീക്കർ വിലക്കിയിട്ടും ഭരണപക്ഷ അംഗങ്ങൾ വീണ്ടും ബഹളംവെച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു.
നമ്മളുടേത് ഒരു സിവിലൈസ്ഡ് സൊസൈറ്റി ആണ്. നീതി നടപ്പാക്കേണ്ട പൊലീസ് ആണ് ഈ വൃത്തികേടിനെ കൂട്ടുനിന്നത്. മുഖ്യമന്ത്രി കിഡ്നപ്പിങ്ങിന് കേസെടുത്ത പ്രതികളെ ന്യായീകരിക്കുന്നു. കേസിൽ പ്രതികൾ സി.പി.എം നേതാക്കൾ ആണ്. കലാ രാജുവിനെ വസ്ത്രാക്ഷേപം നടത്തി. മുടിക്ക് കുത്തിപിടിച്ചു. ഇതെല്ലാം വിശ്വൽ മീഡിയയിൽ ഉള്ള കാര്യങ്ങളാണ്. കേരളത്തിൽ എത്ര പഞ്ചായത്തിൽ കാലുമാറ്റം ഉണ്ടാകുന്നു, അവരെയെല്ലാം തട്ടിക്കൊണ്ടു പോവുകയാണോ. മുഖ്യമന്ത്രിക്ക് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നതെങ്ങനെയെന്നും സതീശൻ ചോദിച്ചു.
സ്പീക്കർ ഭരണപക്ഷ ബഹളത്തിന് കൂട്ടുനിൽക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുതിർന്ന രാഷ്ട്രീയ പ്രവർത്തകനാണ് സതീശനെന്നും അത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും സ്പീക്കർ പ്രതിപക്ഷ നേതാവിനെ ഓർമിപ്പിച്ചു. പിന്നാലെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.