വാഷിംഗ്‌ടൺ: വെനസ്വേലൻ പ്രസിഡ‍ണ്ട് നിക്കോളാ മഡുറോയുടെ പ്രൈവറ്റ് ജെറ്റ് വിമാനം അമേരിക്ക പിടിച്ചെടുത്തു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്ന് അമേരിക്ക ഈ വിമാനം പിടിച്ചെടുത്ത് ഫ്ലോറിഡയിലേക്ക് കൊണ്ടുപോയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫ്രഞ്ച് മിലിട്ടറി എയർക്രാഫ്റ്റ് നിർമ്മാതാവായ ദസ്സോയുടെ ഫാൽക്കൺ 900 ഇഎക്സ് എന്ന വിമാനമാണ് വെനസ്വേലൻ പ്രസിഡണ്ട് യാത്രകൾക്ക് ഉപയോഗിച്ചിരുന്നത്. ഈ വിമാനം യുഎസിൽ നിർമ്മിച്ചതാണ്.

വെനസ്വേല ഫാൽക്കൺ 900ഇഎക്സ് വിമാനം കൈക്കലാക്കിയത് ഒരു ഷെൽ കമ്പനി വഴിയാണെന്ന് യുഎസ് ആരോപിക്കുന്നു. ഈ കടലാസു കമ്പനിക്ക് വേണ്ടി വിമാനം വാങ്ങുകയും പിന്നീട് യുഎസ്സിനു പുറത്തേക്ക് എത്തിക്കുകയുമായിരുന്നു. 130 ലക്ഷം ഡോളർ ചെലവിട്ടായിരുന്നു കച്ചവടം. നിക്കോളാ മഡുറോസും അയാളുടെ സിൽബന്തികളും ചേർന്ന് വിമാനം കൊള്ളയടിച്ച് പുറത്തെത്തിച്ചെന്ന് യുഎസ് അറ്റോർണി ജനറൽ മെറിക് ഗാർലാൻഡ് ആരോപിച്ചു.

വെനസ്വേലയ്ക്കെതിരെ യുഎസ്സിന്റെ ഉപരോധം നിലവിലുണ്ട്. ഇതിനെ നിയമവിരുദ്ധമായ രീതിയിൽ മറികടന്നാണ് നിക്കോളാ മഡുറോസ് വിമാനം കൈക്കലാക്കിയത്. മഡുറോയ്ക്കു വേണ്ടിയോ മഡുറോ സർക്കാരിനു വേണ്ടിയോ ഒരു ഇടപാടിനും യുഎസ് പൗരന്മാർ തയ്യാറാകരുതെന്നാണ് യുഎസ്സിന്റെ ഉപരോധ ചട്ടം. 2005ൽ നിലവിൽ വന്ന ഉപരോധമാണിത്. മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഈ ഉപരോധം കൂടുതൽ കർക്കശമാക്കി. ഇതിനെ മറികടന്ന് വിമാനം വാങ്ങാൻ മഡുറോ ഒരു ഷെൽ കമ്പനി രൂപീകരിക്കുകയായിരുന്നു.

ഫ്ലോറിഡയിൽ പ്രവർത്തിക്കുന്ന ദസ്സോ കമ്പനിയിൽ നിന്ന് 2022 അവസാനത്തിലാണ് ഒരു കരീബിയൻ രാഷ്ട്രം ആസ്ഥാനമാക്കി നിർമ്മിച്ച വ്യാജ കമ്പനിയുടെ പേരിൽ മഡുറോ വിമാനം സ്വന്തമാക്കിയത്. വെനസ്വേലയിലെ യാത്രകൾക്കും വിദേശ യാത്രകൾക്കും മഡുറോ ഈ വിമാനം ഉപയോഗിച്ചു വന്നു. ഇതാണ് ഇപ്പോൾ അമേരിക്ക പിടിച്ചെടുത്തത്.