തിരുവനന്തപുരം: ചെയ്ത കുറ്റത്തിനുള്ള ശിക്ഷ അഫാന് ലഭിക്കണമെന്ന് പിതാവ് അബ്ദുറഹീം. അഫാൻ എൻ്റെ മകനാണ്, എന്നാൽ ചെയ്ത കുറ്റത്തിന് നാട്ടിലെ നിയമം അനുസരിച്ച് അവന് ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹം. ഭാര്യ ഷെമിയെ തിരികെ ജീവതത്തിലേക്ക് മടക്കിക്കൊണ്ടുവരണം. ജനിച്ചാൽ മരിക്കുന്നതുവരെ ജീവിക്കണം. ഷെമിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും വീട് തുറന്ന് ലഭിക്കാത്തതിനാൽ അങ്ങോട്ട് പോകാൻ സാധിക്കില്ലെന്ന് അബ്ദുറഹീം മീഡിയവണ്ണിനോട് പറഞ്ഞു.

ഭാര്യ ഷെമിയുടെ രോഗം ഭേദമാക്കണം. വീട്ടിലേക്ക് കൊണ്ടുപോകാൽ കഴിയില്ല. അവിടെ ചെന്നാൽ മക്കളെ ഓർമ്മ വരും. ഒരു ആശ്രയ കേന്ദ്രത്തിലാണ് ഷെമിയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. ഒരു വർഷത്തോളം ചികിത്സ തുടരേണ്ടതുണ്ട്. ഇപ്പോൾ ജോലി ഇല്ലാത്തതിനാൽ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ട്.

നാട്ടിലെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ ഉണ്ടായതാണെന്ന് അറിയില്ല. എനിക്കുണ്ടായ സാമ്പത്തിക പ്രശ്നം വീടും സ്ഥലവും വിറ്റ് പരിഹരിക്കാമെന്നാണ് കരുതിയതെന്ന് റഹീം പറഞ്ഞു. കൊവിഡിന് ശേഷമാണ് സാമ്പത്തിക പ്രശ്നം ആരംഭിച്ചത്. അവസാനത്തെ രണ്ട് മാസം വീട്ടിലേക്ക് പണം അയച്ച് നൽകിയിരുന്നില്ല. മുന്നോട്ട് പോയേ പറ്റു അതിനുള്ള ശ്രമത്തിലാണ് ഞാനെന്ന് അബ്ദുറഹീം വ്യക്തമാക്കി. ഷെമിക്ക് തുടർചികിത്സ ആവശ്യമായതിനാൽ വെഞ്ഞാറമൂട് അഗതി മന്ദിരത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട കൊലപാതക കേസിലെ പ്രതി അഫാനെ കസ്റ്റഡിയിൽ വാങ്ങാൻ വെഞ്ഞാറമൂട് പോലീസ് കോടതിയിൽ അപേക്ഷ നൽകാനിരിക്കെയാണ് പിതാവിൻ്റെ പ്രതികരണം. തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾക്കായി പ്രതിയെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പോലീസിൻ്റെ ആവശ്യം. അഫാനുമായുള്ള അവസാനഘട്ട തെളിവെടുപ്പാണ് അവശേഷിക്കുന്നത്. അഫാനുമായി പോലീസ് കഴിഞ്ഞ ദിവസം രണ്ടാംഘട്ട തെളിവെടുപ്പ് നടത്തിയിരുന്നു. പതിവ് പോലെ ഒരു ഭാവഭേദവുമില്ലാതെയാണ് തെളിവെടുപ്പിനിടെ പോലീസിനോട് എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയത്.