ഷാർജ: അരനൂറ്റാണ്ട് നീണ്ട സംഗീത സപര്യ തന്നെ സംബന്ധിച്ച് യാത്രയല്ല, ജീവിതം തന്നെയെന്ന് ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും സമ്പൂർണമായി സംഗീതത്തിൽ ജീവിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 43മാത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ‘മഹാ സംഗീതജ്ഞന്റെ യാത്ര – ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു സഞ്ചാരം’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇളയരാജ.
തമിഴ്നാട്ടിലെ വിദൂര ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും സംഗീതത്തോട് ബാല്യകാലം മുതൽ താൽപര്യം ഉണ്ടായിരുന്നു. ചേട്ടൻ ഭാസ്കരൻ പ്രദേശത്തെ വിവിധ പരിപാടികളിൽ പാടുമായിരുന്നു, വീട്ടിൽ ഹാർമോണിയം ഉണ്ടായിരുന്നെങ്കിലും തൊടാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല. തൊട്ടാൽ ചുട്ട അടി കിട്ടുമായിരുന്നു. എന്നിട്ടും ചേട്ടൻ അറിയാതെ ഹാർമോണിയം വായിക്കാൻ പഠിച്ചു. കമ്പത്ത് നടന്ന ഒരു കച്ചേരിയിൽ സ്ഥിരമായി ഹാർമോണിയം വായിച്ചിരുന്ന ആൾ വന്നില്ല. അന്നാണ് പൊതുവേദിയിൽ ആദ്യമായി ഒരു സംഗീതോപകരണം വായിക്കുന്നത്. അന്ന് സദസ്സിൽ നിന്ന് ലഭിച്ച കൈയടികളാണ് തനിക്ക് ആദ്യമായി ലഭിച്ച അനുമോദനമെന്ന് ഇളയരാജ പറഞ്ഞു.
പിന്നീട് സ്വർണ മെഡലോടെ ഗിറ്റാർ പഠനവും പൂർത്തിയാക്കി. 1976 ഇൽ ആദ്യ സിനിമയായ ‘അന്നക്കിളിക്ക്’ സംഗീതം നൽകുന്നതിന് മുൻപ് രാജ്കുമാർ നായകനായ ഒരു കന്നഡ സിനിമയ്ക്ക് വേണ്ടി സഹ സംഗീത സംവിധായകനായി പ്രവർത്തിച്ച അനുഭവം ഇളയരാജ പങ്കുവച്ചു. സംഗീത സംവിധായകൻ 10 വ്യത്യസ്തമായ ഈണങ്ങൾ ഒരുക്കി. അവയുടെ നോട്ട്സ് തയ്യാറാക്കാൻ ഇളയരാജയോട് ആവശ്യപ്പെട്ടു. നോട്ട്സ് തയ്യാറാക്കാൻ അറിയില്ലെന്ന് ഇളയരാജ മറുപടിയും നൽകി. പിന്നീട് ഈണങ്ങൾ കേൾക്കുന്നതിന് സംവിധായകനും നിർമാതാവും എത്തിയപ്പോൾ നേരത്തെ ഹൃദിസ്ഥമാക്കിയ പത്ത് ഈണങ്ങളും ഒന്നിന് പുറകെ ഒന്നായി അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചു ഇളയരാജ.
വർഷത്തിൽ 58 സിനിമകൾക്ക് വരെ സംഗീതം നൽകിയിട്ടുണ്ടെന്ന് ഇളയരാജ പറഞ്ഞു. മൂന്ന് തിയേറ്ററുകളിലായി ഒരേ ദിവസം മൂന്ന് സിനിമകൾക്ക് സംഗിതം നൽകിയ അപൂർവ അനുഭവം അദ്ദേഹം പങ്കുവച്ചു. പഞ്ചു അരുണാചലം നിർമിച്ച കാക്കിച്ചട്ടൈ എന്ന കമലഹാസൻ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുമ്പോൾ പടത്തിന് വേണ്ടിയല്ലാതെ ആറ് പാട്ടുകൾക്ക് കൂടി അദ്ദേഹം ഈണം നൽകി. വേറെ സിനിമ നിർമിക്കുമ്പോൾ ഇവ ഉപയോഗിക്കാമെന്ന് രാജ പറയുകയും ചെയ്തു. എന്നാൽ മുഴുവൻ പാട്ടുകളും ഉപയോഗിക്കണമെന്നായിരുന്നു നിബന്ധന. അങ്ങനെയാണ് ‘വൈദേഹി കാത്തിരുന്താൾ’ എന്ന വിജയകാന്ത് – രേവതി ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പിറവിയെടുക്കുന്നത്. ‘ രാസാത്തി ഉന്നൈ കാണാതെ നെഞ്ച്’, ‘അഴക് മലരാട്’ തുടങ്ങിയ ഗാനങ്ങൾ ഇന്നും പ്രിയ ഗാനങ്ങളായി തുടരുന്നു.
പാട്ടിൽ വരേണ്ട കഥാ സന്ദർഭമുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും ഗാനരചന ശരിയാവുന്നില്ല. അവിടെയാണ് തന്റെ ആദ്യ പാട്ടെഴുത്ത് സംഭവിച്ചതെന്ന് ഇളയരാജ വെളിപ്പെടുത്തി. ‘ഇദയം ഒരു കോവിൽ’ എന്ന് തുടങ്ങുന്ന പാട്ടിന് മികച്ച സ്വീകാര്യത ലഭിച്ചു. ചലച്ചിത്ര ഗാനങ്ങൾക്ക് പുറമെ തമിഴ് ഭക്തി ഗാന ശാഖയായ തിരുവമ്പാവൈ രീതിയിലുള്ള കീർത്തനങ്ങളും രചിച്ചിട്ടുണ്ടെന്ന് ഇളയരാജ പറഞ്ഞു.