സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായി ഇസ്രയേല്‍ ബന്ദിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് ഗാസയിലെ ബോംബാക്രമണം നിര്‍ത്തി തന്റെ മോചനം ഉറപ്പാക്കണമെന്ന് വീഡിയോയില്‍ എല്‍ക്കാന ബോഹ്‌ബോട്ട് എന്ന ബന്ദി അഭ്യര്‍ത്ഥിക്കുന്നതായാണ് വീഡിയോ. 2023 ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ കടന്നാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോയതാണ് ഇദ്ദേഹത്തെ. 

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഹീബ്രു ഭാഷയിലാണ് ബന്ദിയായ വ്യക്തി സംസാരിക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണം തന്റെ ജീവന്‍ നഷ്ടപ്പെടുത്തുമെന്ന് ബോഹ്‌ബോട്ട് പറഞ്ഞു. ഭാര്യയുമായും മകനുമായും വീണ്ടും ഒന്നിക്കാന്‍ സഹായിക്കണമെന്നും അദ്ദേഹം അപേക്ഷിക്കുന്നു.

”ഞാനാണ് ഈ വീഡിയോ റെക്കോര്‍ഡുചെയ്യാന്‍ ആവശ്യപ്പെട്ടത്, ഹമാസല്ല. ഇത് സൈക്കോളജിക്കല്‍ യുദ്ധതന്ത്രമല്ല. എന്റെ മകനെ, എന്റെ ഭാര്യയെ കാണാതെ ഉണര്‍ന്നെണീക്കുക എന്നതാണ് യഥാര്‍ത്ഥ മാനസിക യുദ്ധം. ഇത് എന്റെ ആരോഗ്യത്തെ മോശമാക്കുന്നു. നിങ്ങള്‍ക്ക് മനസ്സിലായില്ലേ? എനിക്ക് ഇവിടെ നിന്ന് പോകണം!’ ബോഹ്‌ബോട്ട് പറഞ്ഞു.

”നിങ്ങള്‍ ഒരു കരാറുണ്ടാക്കി മറ്റുള്ളവരെ രക്ഷപെടുത്തി. എന്തുകൊണ്ട് ഞങ്ങളെ രക്ഷപെടുത്തുന്നില്ല? ഞങ്ങള്‍ 24 മണിക്കൂറായി ബോംബാക്രമണത്തിലാണ്. എല്ലായിടത്തും സ്‌ഫോടനങ്ങളുണ്ട്. ബലപ്രയോഗത്തിലൂടെ നിങ്ങള്‍ ഞങ്ങളെ പുറത്താക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ പറയുന്നു. ഇത് ഞങ്ങളെ കൊല്ലുക മാത്രമേ ചെയ്യൂ, നിങ്ങള്‍ക്ക് അത് മനസ്സിലാക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്?” ബോഹ്‌ബോട്ട് പറഞ്ഞു.

ഹമാസിന്റെ സായുധ വിഭാഗമായ എസ്സെഡിന്‍ അല്‍-ഖസ്സാം ബ്രിഗേഡ്‌സ് പുറത്തുവിട്ട ദൃശ്യങ്ങള്‍, വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന ബന്ദികളെ കാണിക്കുന്ന തരത്തില്‍ ഈ ആഴ്ച പുറത്തിറക്കിയ രണ്ടാമത്തെ വീഡിയോയാണ്. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷം, തങ്ങള്‍ക്കെതിരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ബന്ദികളെ അപകടത്തിലാക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2023-ല്‍ ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തിനിടെ ബന്ദികളാക്കിയ 251 പേരില്‍ 58 പേര്‍ ഇപ്പോഴും ഗാസയില്‍ തടവിലാണ്.