ഹാനോയ്: വടക്കൻ വിയറ്റ്നാമിൽ വീശിയടിച്ച യാഗി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 143 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. 58 പേരെ കാണാനില്ല. 210,000 ത്തോളം ഹെക്ടർ കൃഷി നശിച്ചതായി കൃഷി മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ എണ്ണത്തിൽ മണ്ണിടിച്ചിലിൽപ്പെട്ടവരുണ്ടോയെന്ന് വ്യക്തമല്ല.

പതിറ്റാണ്ടുകൾക്കുശേഷം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗി. മണിക്കൂറിൽ 149 കി.മീ വരെ വേഗതയിൽ ഇത് വീശിയടിച്ചു. ശനിയാഴ്ച കര തൊട്ട യാഗി ഞായറാഴ്ചയോടെ ദുർബലമായെങ്കിലും മഴ തുടരുകയാണ്. നദികൾ അപകടകരമാംവിധം ഉയർന്ന നിലയിലാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ഭൂരിഭാഗം മരണങ്ങൾക്കും കാരണമായത്. ഇതിൽ ഭൂരിഭാഗവും ചൈനയുടെ അതിർത്തിയോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ലാവോ കായ് പ്രവിശ്യയിലാണ്. മണ്ണിടിച്ചിലിൽ കുറഞ്ഞത് 16 പേർ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ ബുധനാഴ്ച പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ ആഴ്ച ചൈനയിലും കനത്ത നാശമാണ് യാഗി വിതച്ചത്. പത്ത് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. മുൻ കരുതൽ നടപടികൾ സ്വീകരിച്ചതിനെ തുടർന്ന് പരിമിതമായ ജീവനാശമേ ചൈനയിൽ സംഭവിച്ചുള്ളൂ.