പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയ് ദിവസ് സന്ദേശത്തില്‍ ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന് അതൃപ്തി. പ്രധാനമന്ത്രിയുടെ പരാമര്‍ശം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നാണ് ഇടക്കാല സര്‍ക്കാരിന്റെ വിമര്‍ശനം.
മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റെ ഭാഗമായ നിരവധി നേതാക്കള്‍ പരമാര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. യൂനസിന്റെ നിയമോപദേഷ്ടാവ് ആസിഫ് നസ്രുള്‍, ഇന്ത്യാ വിമര്‍ശകനും വിദ്യാര്‍ഥി നേതാവുമായ ഹസ്‌നത്ത് അബ്ദുള്ള എന്നിവര്‍ ഉള്‍പ്പെടെയാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
‘ഇന്ന്, വിജയ് ദിവസില്‍, 1971-ല്‍ ഇന്ത്യയെ ആത്മാര്‍ത്ഥമായി സേവിക്കുകയും നിര്‍ണായക വിജയം ഉറപ്പാക്കുകയും ചെയ്ത എല്ലാ ധീര വീരന്മാര്‍ക്കും ഹൃദയംഗമമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ ധീരതയും അര്‍പ്പണബോധവും രാജ്യത്തിന് അഭിമാനമാണ്. അവരുടെ ത്യാഗവും അചഞ്ചലമായ ചൈതന്യവും ജനഹൃദയങ്ങളിലും രാജ്യത്തിന്റെ ചരിത്രത്തിലും എക്കാലവും നിലനില്‍ക്കും. അവരുടെ ധീരതയെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നു, അവരുടെ അജയ്യമായ ആത്മാവിനെ ഓര്‍ക്കുന്നു,’ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമൂഹികമാധ്യമങ്ങളിലെ കുറിപ്പ് ഇങ്ങനെ ആയിരുന്നു.
പാകിസ്താനെയോ ബംഗ്ലാദേശിനെയോ സന്ദേശത്തില്‍ പരാമര്‍ശിച്ചിട്ടില്ല. ബംഗ്ലാദേശ് നേതാക്കള്‍ സന്ദേശത്തെ ശക്തമായി അപലപിച്ചു. ‘ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. 1971 ഡിസംബര്‍ 16 ബംഗ്ലാദേശിന്റെ വിജയ ദിനമായിരുന്നു. ഈ വിജയത്തില്‍ ഇന്ത്യ ഒരു സഖ്യകക്ഷിയായിരുന്നു, അതില്‍ കൂടുതലൊന്നുമില്ല,’ മുഹമ്മദ് യൂസഫിന്റെ നിയമ ഉപദേഷ്ടാവ് ആസിഫ് നസ്റുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘ഇത് ബംഗ്ലാദേശിന്റെ വിമോചന യുദ്ധമാണ്. പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് യുദ്ധം നടന്നത്. എന്നാല്‍ ഇത് ഇന്ത്യയുടെ യുദ്ധവും നേട്ടവുമാണെന്ന് മോദി അവകാശപ്പെട്ടു. അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ ബംഗ്ലാദേശിന്റെ അസ്തിത്വത്തെ പൂര്‍ണ്ണമായും അവഗണിച്ചു, ഈ സ്വാതന്ത്ര്യം തങ്ങളുടെ വിജയമാണെന്ന് ഇന്ത്യ അവകാശപ്പെടുമ്പോള്‍, ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നേരെയുള്ള നേരിട്ടുള്ള ഭീഷണിയായാണ് ഞാന്‍ അതിനെ കാണുന്നത്.’ പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ച വിവേചന വിരുദ്ധ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ് ഹസ്‌നത്ത് അബ്ദുള്ള ഫേസ്ബുക്കില്‍ കുറിച്ചു.
1971ലെ യുദ്ധത്തില്‍ പാകിസ്താനെതിരെ ഇന്ത്യ നേടിയ നിര്‍ണായക വിജയത്തിന്റെ അനുസ്മരണമായാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 16ന് വിജയ് ദിവസ് ആചരിക്കുന്നത്. കിഴക്കന്‍ പാകിസ്താനെ ഇസ്ലാമാബാദിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനും ബംഗ്ലാദേശിന്റെ പിറവിക്കും യുദ്ധം കാരണമായി.