വായ്പ തുകയേക്കാളും കൂടുതൽ പണം ഈടാക്കിയെന്ന് ആരോപിച്ച് ബാങ്കുകൾക്കെതിരെ ഹർജി നൽകി വിജയ് മല്ല്യ രംഗത്ത്. കർണാടക ഹൈകോടതിയിൽ ആണ് മല്ല്യ ഹർജി നൽകിയത്. മുതിർന്ന അഭിഭാഷകൻ സാജൻ പുവായ മുഖേനയാണ് ഹർജി നൽകിയത്.
വിജയ് മല്യയിൽ നിന്ന് ഈടാക്കിയ പണത്തിന്റെ വിവരങ്ങൾ നൽകാൻ ബാങ്കുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി. 6200 കോടി രൂപയാണ് വിജയ് മല്യ ബാങ്കുകൾക്ക് നൽകാനുള്ളത്. എന്നാൽ, ഇതുവരെ ബാങ്കുകൾ 14,000 കോടി രൂപ ഈടാക്കി. ഇക്കാര്യം കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ തന്നെ പാർലമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം മുഴുവൻ പണം ഈടാക്കിയിട്ടും വിജയ് മല്യക്കെതിരായ റിക്കവറി നടപടികൾ ഇപ്പോഴും തുടരുകയാണെന്നും ഹർജിയിൽ ചൂണ്ടക്കാട്ടിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ മല്യയിൽ നിന്ന് ഈടാക്കിയ പണത്തിന്റെ മുഴുവൻ വിവരങ്ങളും നൽകാൻ ബാങ്കുകൾക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.