ചെന്നൈ: വിമാനത്താവള പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പ്രദേശവാസികളുടെ പ്രതിഷേധം
നടക്കുന്ന പരന്തൂർ സന്ദർശിക്കാൻ ടിവികെ അധ്യക്ഷനും സൂപ്പര്‍താരവുമായി വിജയ്. കാഞ്ചീപുരം ജില്ലയിലെ പദ്ധതി പ്രദേശത്ത് ഈ മാസം 19നോ ഇരുപതിനോ വിജയ് സന്ദർശനം നടത്തും. സന്ദർശനത്തിന് അനുമതി തേടി ജില്ലാ പൊലീസ് മേധാവിക്ക് ടിവികെ കത്ത് നൽകിയിട്ടുണ്ട്. 

13 ഗ്രാമങ്ങളിലെ 4570 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. പാർട്ടി രൂപീകരണത്തിന് ശേഷം വിജയ് നേരിട്ട് ഒരു സമരമേഖലയിൽ എത്തുന്നത് ആദ്യമായാണ്. സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളിൽ വിജയ് കൂടുതല്‍ ഇടപെടലുകൾ നടത്തി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനം മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ച്  തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് ഗവർണർക്ക് നിവേദനം നൽകിയിരുന്നു. 

തമിഴ്നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കണം, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണം, വെള്ളപ്പൊക്കത്തിൽ കേന്ദ്ര സഹായത്തിനു ഇടപെടണം എന്നിവയാണ് ആവശ്യങ്ങൾ. രാജ്‌ഭവനിൽ എത്തി ഗവർണർ ആർ എൻ രവിയെ കണ്ട ശേഷം വിജയ് മടങ്ങി. ടിവികെ ട്രഷറർ വെങ്കിട്ടരാമനും ഒപ്പമുണ്ടായിരുന്നു.

അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്‍റെ പശ്ചാത്തലത്തിൽ സ്വന്തം കൈപ്പടയിൽ വിജയ് കത്തെഴുതുകയും ചെയ്തിരുന്നു. ‘തമിഴ്‌നാടിന്‍റെ സഹോദരിമാർക്ക്’ എന്ന് ആരംഭിച്ച കത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം സഹോദരനെ പോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്നാടിനായി ഒപ്പമുണ്ടാകുമെന്നും വിജയ് എഴുതി. ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ്  കത്തിലൂടെ വിദ്യാർത്ഥിനിയോട് പറഞ്ഞു.

നിങ്ങളുടെ സഹോദരൻ എന്ന നിലയിൽ, ഈ സംസ്ഥാനത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ അനുദിനം നടക്കുന്ന കുറ്റകൃത്യങ്ങളിൽ (വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ) ഞാൻ അതീവ ദുഃഖിതനാണ്. നിങ്ങളുടെ സുരക്ഷ ആരിൽ നിന്നാണ് ഞങ്ങൾ ആവശ്യപ്പെടേണ്ടത്? നമ്മളെ ഭരിക്കുന്നവരോട് ഇത് ചോദിക്കുന്നത് കൊണ്ട് പ്രയോജനവുമില്ല”- എന്നും വിജയ് കത്തിൽ കുറിച്ചു.