ദുബായ്: യുഎഇയില്‍ ട്രാഫിക് സിഗ്നലുകളിലെ ചുവന്ന ലൈറ്റ് ലംഘിച്ച് വാഹനം ഓടിക്കുന്നത് അര ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താവുന്ന ഗുരുതര ഗതാഗത നിയമലംഘനമാണെന്ന് അധികൃതര്‍. അര ലക്ഷം ദിര്‍ഹം വരെ പിഴ നേരിടേണ്ടിവരുമെന്ന് മാത്രമല്ല, ഡ്രൈവിംഗ് ലൈസന്‍സിന് 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കുകയും വാഹനം കുറഞ്ഞത് 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

യുഎഇ ട്രാഫിക് നിയമം അനുസരിച്ച്, ചുവപ്പ് ലൈറ്റ് അതിക്രമിച്ചുകടക്കുന്ന വാഹനങ്ങള്‍ക്ക് 1,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടും. എന്നാല്‍ ഫെഡറല്‍ ട്രാഫിക് നിയമത്തിന് പുറമേ ഓരോ എമിറേറ്റിനും അതിന്റേതായ ട്രാഫിക് നിയന്ത്രണങ്ങളുണ്ട്. ഉദാഹരണത്തിന്, ദുബായില്‍, 2023 ലെ ഡിക്രി നമ്പര്‍ 30 പ്രകാരം, പോലിസ് പിടിച്ചെടുത്ത വാഹനം പവിട്ടുകിട്ടണമെങ്കില്‍ 50,000 ദിര്‍ഹം നല്‍കണം. ഇതേതുക തന്നെയാണ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ അബൂദാബിയിലും നല്‍കേണ്ടത്. അബുദാബിയില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് സംബന്ധിച്ച 2020 ലെ 5-ാം നമ്പര്‍ നിയമപ്രകാരമാണിത്.