സിറിയയിൽ ഇക്കഴിഞ്ഞ നാളുകളിൽ പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടതായും അനേകർക്ക് പരിക്കുകളേറ്റതായും റിപ്പോർട്ടുകളിൽ പറയുന്നു. സിറിയയുടെ തീരപ്രദേശങ്ങളിലെ അക്രമങ്ങൾ വർദ്ധിക്കുന്നതിൽ യൂണിസെഫ് സംഘടന ആശങ്കകൾ രേഖപ്പെടുത്തി.

അക്രമങ്ങളിൽ ആറ് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 13 കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാധാരണക്കാരുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരം ആക്രമണങ്ങളിൽ നിന്നും എല്ലാ കൂട്ടരും വിട്ടുനിൽക്കണമെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ആക്രമണങ്ങൾ മൂലം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതും, പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും ഏറെ ശ്രമകരമാണെന്നതും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

എല്ലാ കക്ഷികളും ഉടൻ തന്നെ ശത്രുത അവസാനിപ്പിക്കാനും അന്താരാഷ്ട്ര മാനുഷിക നിയമത്തിനും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിനും കീഴിലുള്ള അവരുടെ കടമകളെ പൂർണ്ണമായി മാനിക്കാനും സംഘടന പ്രത്യേകം അഭ്യർത്ഥിച്ചു.  പോരാട്ടത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ജീവൻ രക്ഷിക്കാനുള്ള സേവനങ്ങൾ നൽകുന്നതിന് മാനുഷിക പ്രവർത്തകർക്ക് വേഗത്തിലും സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും പ്രവേശനം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകതയും സംഘടന എടുത്തു കാണിക്കുന്നു.

അനുരഞ്ജനത്തിന് മുൻഗണന നൽകാനും സമാധാനപരമായ രാഷ്ട്രീയ പരിവർത്തനത്തിന് പ്രതിജ്ഞാബദ്ധരാകാനും യുണിസെഫ് എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്യുന്നു. ഏറെ കഷ്ടപ്പാടുകളും ദുരിതങ്ങളും സഹിച്ച സിറിയൻ ജനതയ്ക്ക് സമാധാനത്തോടെയുള്ള ഒരു ഭാവി കൈവരിക്കുന്നതിന് എല്ലാവരുടെയും സഹകരണവും സംഘടന ആവശ്യപ്പെട്ടു.