ന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമയും ഇവരുടെ കുട്ടികളും ലണ്ടനിലേക്ക് താമസം മാറ്റുന്നു. വിരാട് കോലിയുടെ ചെറുപ്പകാല പരിശീലകനായ രാജ്കുമാർ ശർമ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. വിരാട് കോലിയും കുടുംബവും ഉടൻ ഇന്ത്യൻ വിട്ട് ലണ്ടനിലേക്ക് മാറുമെന്ന് രാജ്കുമാർ പറഞ്ഞു. ദൈനിക് ജാഗ്രന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡൽഹിയിൽ ജനിച്ചു വളർന്ന കോലി കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് മുംബൈയിലേക്ക് താമസം മാറിയത്. 2017 ഡിസംബറിൽ ഇറ്റലിയിൽ വെച്ചാണ് കോലി അനുഷ്കയെ വിവാഹം കഴിച്ചത്. ഇവരുവർക്കും രണ്ടു മക്കളാണ് ഉള്ളത്. വാമിക 2021 ജനുവരിയിലും അകായ് 2024 ഫെബ്രുവരിയിലും ജനിച്ചു. ലണ്ടനിൽവെച്ചായിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. കഴിഞ്ഞ കുറച്ചുവർഷങ്ങളായി കോലി ലണ്ടനിലെ സ്ഥിരം സന്ദർശകനാണ്. ദമ്പതികൾ ഇവിടെ സ്വത്ത് വാങ്ങിയതായും ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കോലിയുടെ ഫോമിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ബോർഡർ-ഗവാസ്കർ ട്രോഫിയിലെ അടുത്ത രണ്ട് ടെസ്റ്റുകളിൽ കോലി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും രാജ്കുമാർ അഭിമുഖത്തിനിടെ പ്രത്യാശപ്രകടിപ്പിച്ചു.

‘വിരാട് തന്റെ കരിയറിലെ ഏറ്റവും മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയിരുന്നു. വരാനിരിക്കുന്ന രണ്ട് ടെസ്റ്റുകളിൽ അദ്ദേഹം രണ്ട് സെഞ്ചുറികൾ കൂടി നേടുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവൻ എപ്പോഴും ക്രിക്കറ്റ് ആസ്വദിച്ചു. അവന്റെ ഫോമിൽ ആശങ്കപ്പെടേണ്ട കാര്യമല്ല. വിഷമകരമായ സാഹചര്യങ്ങളിൽ എങ്ങനെ പ്രകടനം നടത്തണമെന്നും തന്റെ ടീമിനെ മത്സരം വിജയിപ്പിക്കാൻ സഹായിക്കണമെന്നും അദ്ദേഹത്തിന് അറിയാം’ രാജ്കുമാർ പറഞ്ഞു.