ദോഹ: രാജ്യത്തിലെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്താനും അവിടേക്ക് വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുമായി ടൂറിസം പരസ്യ ക്യാമ്പയിനുമായി ഖത്തര്‍. 2030-ഓടെ പ്രതിവര്‍ഷം ആറ് ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസിറ്റുകള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ലോകത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഖത്തറിനെ സ്ഥാപിക്കാനുള്ള ദൗത്യത്തിന്റെ സുപ്രധാന ചുവടുവെയ്പ്പ് എന്ന നിലയ്ക്കാണ് ‘സര്‍പ്രൈസ് യുവര്‍സെല്‍ഫ്’ നിങ്ങള്‍ നിങ്ങളെത്തന്നെ അദ്ഭുതപ്പെടുത്തൂ എന്ന പ്രചാരണ ക്യാമ്പയിനുമായി വിസിറ്റ് ഖത്തര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഖത്തര്‍ പ്രദാനം ചെയ്യുന്ന അപ്രതീക്ഷിതവും അവിസ്മരണീയവുമായ അനുഭവങ്ങള്‍ കണ്ടെത്തുന്നതിന് രാജ്യത്തിലേക്ക് യാത്രക്കാരെ ക്ഷണിക്കുന്നതാണ് ക്യാമ്പയിന്‍. കുടുംബങ്ങള്‍, ദമ്പതികള്‍, സുഹൃത്തുക്കളുടെ ഗ്രൂപ്പുകള്‍ എന്നിവയെ ലക്ഷ്യം വെച്ചുകൊണ്ട്, വൈവിധ്യമാര്‍ന്നതും അര്‍ത്ഥവത്തായതും മറക്കാനാവാത്തതുമായ അനുഭവങ്ങള്‍ നല്‍കാനുള്ള ഖത്തറിന്റെ കഴിവിനെ കാമ്പയിന്‍ ഊന്നിപ്പറയുന്നു.

ബനാന ദ്വീപിന്റെ സമൃദ്ധമായ മനോഹാരിത മുതല്‍ സൂഖ് വാഖിഫിന്റെ ഊര്‍ജ്ജസ്വലമായ അന്തരീക്ഷം, മണല്‍ക്കുന്നുകളിലെ ആവേശം, ഊഷ്മളവും സുരക്ഷിതവും ഉള്‍ക്കൊള്ളുന്നതുമായ അന്തരീക്ഷത്തില്‍ വിശ്രമത്തിനും സാഹസികതയ്ക്കും നിരവധി അവസരങ്ങള്‍ അവതരിപ്പിക്കുന്ന ഖത്തറിന്റെ വൈവിധ്യമാര്‍ന്ന ആകര്‍ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ബോബി ഹെബ്ബിന്റെ ‘സണ്ണി’ എന്ന ക്ലാസിക് ഗാനത്തിന്റെ ആധുനിക അവതരണം ഫീച്ചര്‍ ചെയ്യുന്ന ഈ കാമ്പെയ്ന്‍ ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ ചാനലുകള്‍, പ്രസ്സ് മെറ്റീരിയലുകള്‍, ഔട്ട്-ഓഫ് ഹോം പരസ്യങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് 10 അന്താരാഷ്ട്ര വിപണികളിലാണ് പ്രചാരണം നടത്തുക.

ലോകമെമ്പാടുമുള്ള മിക്ക പ്രധാന നഗരങ്ങളില്‍ നിന്നും വെറും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ വിമാനവ യാത്ര ചെയ്താല്‍ എത്തിച്ചേരാവുന്ന രീതിയില്‍ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സവിശേഷത ഇക്കാര്യത്തില്‍ ഏറെ ഗുണകരമാവുമെന്ന് വിസിറ്റ് ഖത്തറിന്റെ സിഇഒ എഞ്ചിന്‍ അബ്ദുല്‍ അസീസ് അലി അല്‍ മൗലവി പറഞ്ഞു. യുഎസ്എ, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവയുള്‍പ്പെടെ 177 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തറില്‍ നിന്ന് വിമാന സര്‍വീസുകളുണ്ട്.

ഖത്തറിന്റെ തനതായ ആകര്‍ഷണങ്ങളും സാംസ്‌കാരിക സമൃദ്ധിയും പ്രദര്‍ശിപ്പിച്ച്, സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ ടൂറിസം ഭൂപടത്തിലെ ഖത്തറിന്റെ ആഗോള പ്രൊഫൈല്‍ ഉയര്‍ത്തുന്നതിനാണ് ഈ കാമ്പെയ്ന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആഡംബര ഹോട്ടലുകള്‍, മനോഹരമായ ബീച്ചുകള്‍, മറ്റ് അതുല്യമായ അനുഭവങ്ങളുടെ സമൃദ്ധി എന്നിവയ്‌ക്കൊപ്പം പൂള്‍സൈഡ് റിട്രീറ്റുകളിലെ വിശ്രമം മുതല്‍ ആവേശകരമായ സാഹസികത വരെ എല്ലാം ഖത്തര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആത്യന്തികമായ കുടുംബ-സൗഹൃദ ലക്ഷ്യസ്ഥാനമെന്ന നിലയില്‍, വിവി ആഘോഷ പരിപാടികള്‍, വിനോദ പരിപാടികള്‍, ആഡംബരപൂര്‍ണമായ ആതിഥ്യം എന്നിവയുടെ സമ്പന്നമായ സംയോജനമാണ് ഖത്തര്‍ അവതരിപ്പിക്കുന്നത്.

ഉയര്‍ന്ന സുരക്ഷാ സൂചിക റാങ്കിംഗ്, അത്യാധുനിക സൗകര്യങ്ങള്‍, അവാര്‍ഡ് നേടിയ ദേശീയ വിമാനക്കമ്പനിയും വിമാനത്താവളവും, തടസ്സമില്ലാത്ത പൊതുഗതാഗതവും ലളിതമായ ടൂറിസം വിസ നയങ്ങളും രാജ്യത്തിന്റെ ടൂറിസം ലാന്‍ഡ്സ്‌കേപ്പിനെ ശക്തിപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര കായിക-സാംസ്‌കാരിക ആഘോഷങ്ങള്‍ നിറഞ്ഞ ആഹ്ലാദകരമായ ശൈത്യകാലമാണ് ഖത്തര്‍ ഇത്തവണ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.