ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ശരീരത്തിനാവശ്യമായ ഘടകമാണ് വിറ്റാമിനുകള്‍. സ്ത്രീകളുടെ കാര്യം എടുത്താല്‍ ഓരോ പ്രായത്തിനനുസരിച്ച് പോഷകങ്ങളുടെ ആവശ്യവും വ്യത്യസ്തമാണ്.  അതിനാല്‍ ഓരോ പ്രായത്തിലും സ്ത്രീകളുടെ ആരോഗ്യവും ചൈതന്യവും നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില വിറ്റാമിനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്.  പ്രത്യേകിച്ചും 30 വയസ്സ് കഴിഞ്ഞ സത്രീകള്‍ക്ക്. 

ഈ കാലയളവില്‍  പോഷകങ്ങള്‍ ആഗിരണം ചെയ്യാനും ഉപയോഗിക്കാനുമുള്ള ശരീരത്തിന്റെ കഴിവ് മാറിയേക്കാം, ചില വിറ്റാമിനുകള്‍ ഈ സമയത്ത് ആരോഗ്യത്തിന് നിര്‍ണായകമായി വേണ്ടിവരും. അതിനാല്‍ അവ ഏതൊക്കെയെന്ന് മനസ്സിലാക്കി അവയുടെ ലഭ്യത ഉറപ്പുവരുത്തേണ്ടത, ആവശ്യമാണ്. 30 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് ആവശ്യമായ അഞ്ച് വിറ്റാമിനുകള്‍ ഏതൊക്കെയെന്ന് അറിയാം.

ഇരുമ്പ്: വിളര്‍ച്ച തടയല്‍ ഊര്‍ജനില വര്‍ധിപ്പിക്കല്‍

ശാരീരിക ആരോഗ്യത്തിനാവശ്യമായ ഒരു നിര്‍ണായക പോഷകമാണ് ഇരുമ്പ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, ശരീരത്തിലുടനീളം ഓക്‌സിജന്‍ കൊണ്ടുപോകുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിന്‍ രൂപീകരിക്കുന്നതില്‍ ഇരുമ്പ്  പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍  30 വയസ്സിനു ശേഷം, പല സ്ത്രീകള്‍ക്കും അവരുടെ ആര്‍ത്തവചക്രത്തില്‍ മാറ്റങ്ങള്‍ അനുഭവപ്പെടുന്നു, ഇത് ഇരുമ്പിന്റെ കുറവുള്ള അനീമിയയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച്, ആഗോളതലത്തില്‍ ഏകദേശം 30% ഗര്‍ഭിണികളല്ലാത്ത സ്ത്രീകളെ വിളര്‍ച്ച ബാധിക്കുന്നു, ഇതിനുള്ള പ്രധാന കാരണം ഇരുമ്പിന്റെ അഭാവമാണ്.

ഹീം, നോണ്‍ ഹീം എന്നീ രണ്ട് രൂപങ്ങളിലാണ് ഇരുമ്പ് കാണപ്പെടുന്നത്.  ശരീരം നന്നായി ആഗിരണം ചെയ്യുന്ന ഹീം ഇരുമ്പ് ചുവന്ന മാംസം പോലുള്ള മൃഗ ഉല്‍പ്പന്നങ്ങളിലാണ് കാണപ്പെടുന്നത്. അതേസമയം ചീര, ബീന്‍സ് തുടങ്ങിയ സസ്യ അധിഷ്ഠിത ഭക്ഷണങ്ങളില്‍ നോണ്‍-ഹീം ഇരുമ്പ് കാണപ്പെടുന്നു. 30 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ ദിവസവും 18 മില്ലിഗ്രാം ഇരുമ്പ് കഴിക്കണമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) ശുപാര്‍ശ ചെയ്യുന്നത്. ഭക്ഷണക്രമം അപര്യാപ്തമാണെങ്കില്‍, ഇരുമ്പ് സപ്ലിമെന്റുകള്‍ ആവശ്യമായി വന്നേക്കാം.

വിറ്റാമിന്‍ ഡി: എല്ലുകളുടെ ആരോഗ്യം രോഗപ്രതിരോധ പ്രവര്‍ത്തനം

കാല്‍സ്യം ആഗിരണത്തിലൂടെ എല്ലുകളുടെ ബലം നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ ഡി അത്യന്താപേക്ഷിതമാണ്. സ്ത്രീകളുടെ പ്രായം കൂടുന്തോറും അസ്ഥികളുടെ സാന്ദ്രത സ്വാഭാവികമായും കുറയുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 30 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് സാധാരണമാണെന്ന് പഠനങ്ങൾ എടുത്തുകാണിക്കുന്നു, പ്രത്യേകിച്ച് പരിമിതമായ സൂര്യപ്രകാശം കൊള്ളുന്ന സ്ത്രീകളില്‍. കാരണം സൂര്യപ്രകാശത്തിലൂടെയാണ് ശരീരം വിറ്റാമിന്‍ ഡി ഉല്‍പ്പാദിപ്പിക്കുന്നത്.