ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വീണ്ടും സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) നടപ്പിലാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഏകദേശം 18,000 മുതൽ 19,000 വരെ ജീവനക്കാരെ ഒഴിവാക്കുകയാണ് ലക്ഷ്യം. ഈ പദ്ധതിക്കായി 1500 കോടി രൂപയുടെ സഹായം ബിഎസ്എൻഎൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ബിഎസ്എൻഎൽ അതിന്റെ വരുമാനത്തിന്റെ 38% ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി ചിലവഴിക്കുന്നു. പുതിയ വിആർഎസ് നടപ്പിലാക്കുന്നതിലൂടെ ഈ ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ഇതിനായുള്ള അനുമതി ധനകാര്യ മന്ത്രാലയത്തോട് തേടിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്‌തു.
18,000 മുതൽ 19,000 വരെ ജീവനക്കാരെ വിആർഎസിലൂടെ ഒഴിവാക്കാനുള്ള നിർദേശമാണ് ബിഎസ്എൻഎൽ ബോർഡ് സമർപ്പിച്ചിരിക്കുന്നത്. ഇത് കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ബിഎസ്എൻഎൽ ഏകദേശം 7500 കോടി രൂപയാണ് ജീവനക്കാരുടെ ശമ്പളത്തിനും മറ്റുമായി പ്രതിവർഷം ചെലവഴിക്കുന്നത്. ഇത് വരുമാനത്തിന്റെ 38% വരും. ഇത് 5000 കോടി രൂപയായി കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം ഇത് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും.
വേതന ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് ബിഎസ്എൻഎൽ ബോർഡ് വിആർഎസ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ഈ സമയത്തും പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ രാജ്യവ്യാപകമായി ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, വിആർഎസിനായുള്ള പദ്ധതി ആഭ്യന്തരമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
2024 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎല്ലിന്റെ വരുമാനം 21,302 കോടി രൂപയായി ഉയർന്നിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് നേരിയ പുരോഗതി ഉണ്ടായിട്ടുണ്ട്. കമ്പനിയിൽ 30,000-ൽ അധികം നോൺ-എക്സിക്യൂട്ടീവ് ജീവനക്കാരും 25,000 എക്സിക്യൂട്ടീവ് ജീവനക്കാരുമുണ്ട്. 2019-ൽ സർക്കാർ 69,000 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു.
ഇതിൽ ബിഎസ്എൻഎൽ, മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് (എംടിഎൻഎൽ) ജീവനക്കാർക്കായുള്ള സ്വയം വിരമിക്കൽ പദ്ധതിയും ഉൾപ്പെട്ടിരുന്നു. അന്ന് 93,000 ജീവനക്കാർ സ്വയം വിരമിക്കൽ പദ്ധതി തിരഞ്ഞെടുത്തു. പെൻഷൻ, ഗ്രാറ്റുവിറ്റി തുടങ്ങിയവയ്ക്കായി ഏകദേശം 17,500 കോടി രൂപയാണ് അന്ന് ചെലവഴിച്ചത്.
ഡൽഹിയിലും മുംബൈയിലും മാത്രം പ്രവർത്തിക്കുന്ന എംടിഎൻഎല്ലിന്റെ മൊബൈൽ നെറ്റ്‌വർക്ക് ഇപ്പോൾ ബിഎസ്എൻഎൽ ആണ് കൈകാര്യം ചെയ്യുന്നത്. പുനരുജ്ജീവന പദ്ധതിയിൽ ആസ്തി വിറ്റഴിക്കലും രണ്ട് പൊതുമേഖലാ ടെലികോം കമ്പനികൾക്കും 4ജി സ്പെക്ട്രം അനുവദിക്കലും ഉൾപ്പെടുന്നു. 2022-ൽ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്കായി 1.64 ലക്ഷം കോടി രൂപയുടെ രണ്ടാമത്തെ പുനരുജ്ജീവന പാക്കേജിന് സർക്കാർ അംഗീകാരം നൽകി.
ബാലൻസ് ഷീറ്റുകൾ മെച്ചപ്പെടുത്തുന്നതിനും മൂലധന ചെലവുകൾ വഹിക്കുന്നതിനും എജിആർ കുടിശ്ശിക തീർക്കുന്നതിനും ഗ്രാമീണ ലാൻഡ്‌ലൈൻ കണക്ഷനുകൾക്ക് ധനസഹായം നൽകുന്നതിനും ഈ പാക്കേജ് ലക്ഷ്യമിട്ടു. 2023-ൽ 4ജി, 5ജി സ്പെക്ട്രം അനുവദിക്കുന്നതിനായി 89,000 കോടി രൂപയുടെ മൂന്നാമത്തെ പുനരുജ്ജീവന പാക്കേജും സർക്കാർ അംഗീകരിച്ചു. വാണിജ്യ ഡാറ്റാ സേവനങ്ങൾ, ഫിക്സഡ് വയർലെസ് ആക്സസ് (എഫ്ഡബ്ല്യുഎ), കാപ്റ്റീവ് പ്രൈവറ്റ് നെറ്റ്‌വർക്കുകൾ എന്നിവ വാഗ്ദാനം ചെയ്യാനും പദ്ധതിയുണ്ട്. തുടർച്ചയായ പുനരുജ്ജീവന ശ്രമങ്ങൾക്കിടയിലാണ് ബിഎസ്എൻഎൽ വീണ്ടും വിആർഎസ് പദ്ധതിയിലേക്ക് നീങ്ങുന്നത്.