വഖഫ് നിയമ ഭേദ​ഗതി ബിൽ രാജ്യസഭയിലും പാസായി. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. കഴിഞ്ഞ ദിവസം ബിൽ ലോക്സഭ പാസാക്കിയിരുന്നു. ഇതോടെ ബിൽ പാർലമെന്റ് കടന്നു. ഇനി രാഷ്ട്രപതിയുടെ അം​ഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടാൽ നിയമമാകും. മണിക്കൂറുകൾ നീണ്ട ചർച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പിൽ പ്രതിപക്ഷ അം​ഗങ്ങളുടെ നിർദേശം വോട്ടിനിട്ട് തള്ളി. 

ബിൽ രാജ്യസഭ കടന്നതോടെ മുനമ്പത്ത് പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും സമരക്കാരുടെ ആഹ്ലാദ പ്രകടനം. കേന്ദ്രം സർക്കാരിനെ പിന്തുണച്ച് സമരം ചെയ്യുന്നവർ പ്രകടനം നടത്തി. നിയമഭേദ​ഗതിയെ എതിർത്ത കേരളത്തിലെ എംപിമാരെ വിമർശിച്ചപ്പോൾ സുരേഷ് ​ഗോപിക്ക് കൈയടി. റവന്യു അവകാശങ്ങൾ പുനഃസ്ഥപിക്കുന്നത് വരെ സമരം തുടരുമെന്നും മുനമ്പം സമര സമിതി അറിയിച്ചു.