വഖഫ് (ഭേദഗതി) ബില്ലിനെതിരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് പിന്‍മാറി ബിജു ജനതാദള്‍ (ബിജെഡി). ബില്ലിന്‍മേലുള്ള തീരുമാനം തങ്ങളുടെ എംപിമാരുടെ മനസ്സാക്ഷിക്ക് വിടുന്നുവെന്ന് പാര്‍ട്ടി പറഞ്ഞു. രാജ്യസഭയില്‍ ബില്ലിനെ എല്ലാ അംഗങ്ങളും എതിര്‍ക്കുമെന്ന് പാര്‍ട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുസ്ലീം സമുദായത്തിന്റെ വികാരങ്ങള്‍ കണക്കിലെടുത്ത ശേഷം തീരുമാനങ്ങള്‍ എടുക്കുമെന്നാണ് ബിജെഡി അറിയിച്ചത്. രാജ്യസഭയില്‍ ഏഴ് അംഗങ്ങളാണ് ബിജെഡിക്കുള്ളത്.
‘ബില്‍ വോട്ടിംഗിന് വന്നാല്‍, നീതി, ഐക്യം, എല്ലാ സമുദായങ്ങളുടെയും അവകാശങ്ങള്‍ എന്നിവയ്ക്കായി അവരുടെ മനസ്സാക്ഷി ഉപയോഗിക്കാനുള്ള ഉത്തരവാദിത്തം പാര്‍ട്ടി അംഗങ്ങളെ ഏല്‍പ്പിക്കുന്നു,’ പാര്‍ട്ടി വക്താവ് സസ്മിത് പത്ര വ്യാഴാഴ്ച ഒരു ട്വീറ്റില്‍ പറഞ്ഞു.
മുസ്ലീം സമുദായത്തെ പ്രതിനിധീകരിച്ച് പാര്‍ട്ടി എംപി മുസിബുള്ള ഖാന്‍ രാജ്യസഭയില്‍ ബില്ലിനെക്കുറിച്ചുള്ള പാര്‍ട്ടിയുടെ ആശങ്കകള്‍ അവതരിപ്പിക്കുമെന്ന് ബിജെഡി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അവലോകനത്തിന് ശേഷം കേന്ദ്രം ചില കാര്യങ്ങള്‍ ഭേദഗതി ചെയ്തിട്ടുണ്ടെന്നും ബില്ലില്‍ പാര്‍ട്ടി തൃപ്തരല്ലെന്നുമാണ് വക്താവ് സസ്മിത് പത്ര ബുധനാഴ്ച പറഞ്ഞത്.
ഒഡീഷയില്‍ ബിജെപിയുടെ മുഖ്യ എതിരാളിയാണ് ബിജെഡിയെങ്കിലും മുന്‍കാലങ്ങളില്‍ പലതവണ പാര്‍ലമെന്റില്‍ പ്രധാന നിയമനിര്‍മ്മാണങ്ങളില്‍ അവര്‍ സര്‍ക്കാരിനെ പിന്തുണച്ചിട്ടുണ്ട്. എന്നിരുന്നാലും നിയമസഭാ തെരഞ്ഞെടുപ്പില്‍ നവീന്‍ പട്‌നായിക്കിനെ പരാജയപ്പെടുത്തി സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയതിന് ശേഷം ബിജെഡി പാര്‍ലമെന്റില്‍ എന്‍ഡിഎയെ പിന്തുണച്ചിട്ടില്ല. ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് പട്‌നായിക് എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
2019 ല്‍, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തെയും മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ മുസ്ലീം വനിതാ (വിവാഹ അവകാശ സംരക്ഷണം) ബില്ലിനെയും ബിജെഡി പിന്തുണച്ചു. 2019 ലെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (യുഎപിഎ), വിവരാവകാശ നിയമം (ആര്‍ടിഐ) എന്നിവയിലെ ഭേദഗതികളെയും ബിജെഡി പിന്തുണച്ചു.