തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം ഉയര്‍ത്താന്‍ ബൈഡന്‍ ഭരണകൂടം ഇന്ത്യയ്ക്ക് 21 മില്യണ്‍ ഡോളര്‍ നല്‍കിയെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തെ എതിര്‍ത്ത് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. യുഎസ് പ്രസിഡന്റ് പറഞ്ഞതുപോലെ ഒരു പരിപാടിയും നടന്നിട്ടില്ലെന്ന്, അമേരിക്കന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കാര്യക്ഷമതാ വിഭാഗത്തിന്റെ തെറ്റായ അവകാശവാദം ഇന്ത്യയില്‍ ഒരു രാഷ്ട്രീയ കൊടുങ്കാറ്റിന് രൂപം നല്‍കിതെങ്ങനെ എന്നു പേരിട്ട റിപ്പോര്‍ട്ടിലാണ് ട്രംപിന്റെ അവകരാശവാദങ്ങളെ പത്രം ചോദ്യം ചെയ്യുന്നത്. റിപ്പോര്‍ട്ടില്‍, ംബംഗ്ലാദേശിനായി 21 ദശലക്ഷം ഡോളറിന്റെ കരാറുണ്ടാക്കിയിട്ടുണ്ടെന്ന് പത്രം പറയുന്നു. 

2008 മുതല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പദ്ധതിക്കും യുഎസില്‍ നിന്ന് ഇന്ത്യയ്ക്ക് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സമാനമായ ലേഖനത്തെ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പിന്തുണയ്ക്കുന്നു. എക്‌സ്പ്രസ് ലേഖനം ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ കേന്ദ്രബിന്ദുവാണ്.

വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് പുതിയ ആയുധമായി. ബിജെപിയും അതിന്റെ അന്ധരായ അനുഭാവികളും അവരുടെ വാക്കുകള്‍ വിഴുങ്ങേണ്ടി വരുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ യുഎസ് ഫണ്ടിംഗ് എന്നതിനെക്കുറിച്ചുള്ള ഈ ഏറ്റവും പുതിയ വെളിപ്പെടുത്തലില്‍, വാഷിംഗ്ടണ്‍ പോസ്റ്റ് അങ്ങനെയൊരു പരിപാടി നിലവിലില്ലെന്നും അത്തരം ഫണ്ടിംഗ് വന്നിട്ടില്ലെന്നും കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വിദേശ സഹായം തേടുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു.