വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭരണസിരാകേന്ദ്രമായ ഓവല്‍ ഓഫീസിന് എന്തൊക്കെ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്? റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപാണ് വിജയിക്കുന്നതെങ്കില്‍ അദ്ദേഹം പഴയതൊക്കെ പുനഃസ്ഥാപിക്കുമോ?
കമല ഹാരിസ് പ്രസിഡന്റായാല്‍ പ്രസിഡന്റ് ജോ ബൈഡന്റെ തത്സ്ഥിതി തുടരുമോ? വൈറ്റ് ഹൗസിലേക്കും അതിന്റെ ഹൃദയമായ ഓവല്‍ ഓഫീസിലേക്കും ദീപികയുടെ സ്പെഷല്‍ കറസ്പോണ്ടന്റ് (യുഎസ്എ) എന്ന നിലയില്‍ സന്ദര്‍ശനാനുമതി ലഭിച്ചപ്പോള്‍ ഉള്ളില്‍ ഉയര്‍ന്നത് ഈ ചോദ്യങ്ങളാണ്.
മൂന്നു തട്ടുള്ള സുരക്ഷാ പരിശോധന കഴിഞ്ഞ് അകത്തു കടന്നപ്പോള്‍ പ്രത്യക്ഷത്തില്‍ വലിയ സുരക്ഷാസംവിധാനമൊന്നും അവിടെ കണ്ടില്ല. നമ്മുടെ സെക്രട്ടേറിയറ്റിനോ, ക്ലിഫ് ഹൗസിനോ ഉള്ളത്രയും സുരക്ഷാ ഉദ്യോഗസ്ഥരെപോലും വൈറ്റ് ഹൗസില്‍ പുറമെ കണ്ടില്ല.
224 വര്‍ഷം പഴക്കമുള്ള വൈറ്റ്ഹൗസില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ അതിന്റെ പഴമയും പ്രൗഢിയും ലാളിത്യവും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. വൈറ്റ്ഹൗസിന് ഈസ്റ്റ് വിംഗ്, വെസ്റ്റ് വിംഗ് എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ടു ഭാഗങ്ങളുണ്ട്.
സാധാരണഗതിയില്‍ ഈസ്റ്റ് വിംഗിലാണ് സന്ദര്‍ശനാനുമതി. അപൂര്‍വമായി ഓവല്‍ ഓഫീസിരിക്കുന്ന വെസ്റ്റ് വിംഗിലും സന്ദര്‍ശനാനുമതി ലഭിക്കാറുണ്ട്. വാഷിംഗ്ടണ്‍ ഡിസിയില്‍ വെറും 18.7 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വൈറ്റ്ഹൗസ് കെട്ടിടം 99,800 ചതുരശ്ര അടി വരും.
ഏതാണ്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന്റെ അത്ര വലുപ്പം. 1812ല്‍ ബ്രിട്ടീഷുകാര്‍ തീയിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് പുനര്‍നിര്‍മിച്ചപ്പോള്‍ കറുത്ത പാടുകള്‍ മറയ്ക്കാന്‍ വെള്ളപെയിന്റ് അടിച്ചാണ് വൈറ്റ്ഹൗസായത്.
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ഇരിപ്പിടമായ ഓവല്‍ ഓഫീസിന് 816 ചതുരശ്രയടി വലിപ്പമേയുള്ളു. മുട്ടയുടെ ആകൃതിയില്‍ ദീര്‍ഘവൃത്താകൃതി ഉള്ളതിനാലാണ് ഓവല്‍ ഓഫീസ് എന്ന പേരു വീണത്. കറുത്ത യൂണിഫോമിലുള്ള അമേരിക്കന്‍ സീക്രട്ട് സര്‍വീസിനാണ് വൈറ്റ് ഹൗസിന്റെ സുരക്ഷാ ചുമതല.
ഒരാള്‍ മാത്രമാണ് ഓവല്‍ ഓഫീസിനു കാവല്‍ നിന്നിരുന്നത്. പ്രസിഡന്റ് മാറുമ്പോള്‍ ഓവല്‍ ഓഫീസിനു കാര്യമായ മാറ്റങ്ങളില്ല. പ്രസിഡന്റിന്റെ അഭിരുചിക്കനുസരിച്ച് കര്ട്ടന്, പരവതാനി, പെയിന്റിംഗ് തുടങ്ങിയവ മാറാറുണ്ട്.
ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റിന്റെ എംബ്ലം പതിച്ച കടുംനീല ഓവല്‍ ആകൃതിയുള്ള പരവതാനി ഉപയോഗിക്കുന്നു. കര്‍ട്ടനുകള്‍ക്ക് സ്വര്‍ണവര്‍ണം. ഓവല്‍ ഓഫീസില്‍ ഏറ്റവും പ്രാധാന്യമുള്ളത് പ്രസിഡന്റിന്റെ മേശയും കസേരയുമാണ്.
റസലൂട്ട് ഡെസ്ക് എന്നാണിത് അറിയപ്പെടുന്നത്. മുന്‍ പ്രസിഡന്റ് ട്രംപ് ഉപയോഗിച്ച അതേ ഡസ്കാണ് ബൈഡനും ഉപയോഗിക്കുന്നത്. എച്ച്എംഎസ് റസലൂട്ട് എന്ന കപ്പലിലെ ഓക്ക് തടിയില്‍ തീര്‍ത്ത് 1880ല്‍ വിക്ടോറിയ രാജ്ഞി സമ്മാനിച്ച ഡെസ്കാണിത്.
അമേരിക്കയില്‍ ഏറ്റവും ദീര്‍ഘകാലം പ്രസിഡന്റായിരുക്കുകയും (1933-1945) മഹാസാമ്പത്തിക മാന്ദ്യത്തെയും രണ്ടാം ലോകയുദ്ധത്തെയും വിജയകരമായി നേരിടുകയും ചെയ്ത ഫ്രാങ്ക്ളിന് റൂസ്വെല്‍റ്റിന്റെ വലിയ പെയിന്റിംഗ് പ്രസിഡന്റിന്റെ നേരേ എതിര്‍വശത്തുണ്ട്.
പരസ്പരം കലഹിച്ചിരുന്ന മുന്‍ പ്രസിഡന്റ് തോമസ് ജെഫേഴ്സന്റെയും അദ്ദേഹത്തിന്റെ ട്രഷറി സെക്രട്ടറി ഹാമില്‍ട്ടണിന്റെയും എതിര്‍വശങ്ങളിലേക്കു നോക്കിയിരിക്കുന്ന പെയിന്റിംഗ് വ്യത്യസ്ത ആശയങ്ങള്‍ക്ക് ജനാധിപത്യത്തില്‍ ഇടമുണ്ടെന്ന സന്ദേശം നല്കുന്നു.
ഏബ്രഹാം ലിങ്കണ്, തോമസ് ജെഫേഴ്സണ്‍ എന്നിവരുടെ പെയിന്റിംഗ് തൊട്ടടുത്ത്. തൊഴിലാളി നേതാവ് സിസാറിയോ ഷെവാസ്, മാര്ട്ടിന് ലൂതര്‍ കിംഗ്, ജോര്‍ജ് വാഷിംഗ്ടണ്‍, റോബര്‍ട്ട് കെന്നഡി തുടങ്ങിയ പ്രമുഖരുടെ അര്‍ധകായ പ്രതിമകളും മുറിയിലുണ്ട്. ചന്ദ്രനില്നിന്നുകൊണ്ടുവന്ന പാറക്കഷണങ്ങള്‍ ബുക്ക് ഷെല്‍ഫില്‍ വച്ചിരിക്കുന്നു.
വെള്ള മാര്‍ബിളിലുള്ള ഫയര്‍ പ്ലേസ്, അമേരിക്കന്‍ പ്രസിഡന്റിന്റെ സീല്‍, മേശയ്ക്കു പിറകിലുള്ള അമേരിക്കന്‍ പതാക, പ്രസിഡന്റിന്റെ പതാക എന്നിവ മാറാറില്ല. ഓവല്‍ ഓഫീസിനോട് ചേര്‍ന്നുള്ള സിറ്റുവേഷന് റൂമിലാണ് നിര്‍ണായക സമയങ്ങളില്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്.
24 മണിക്കൂറും ലോകമെമ്പാടുമുള്ള സംഭവങ്ങള്‍ ഇവിടെനിന്ന് വീക്ഷിക്കുന്നു. തൊട്ടടുത്തുള്ള കാബിനറ്റ് റൂമില്‍ നടക്കുന്ന പ്രതിവാര മന്ത്രിസഭായോഗത്തില്‍ 25 പേരാണ് പങ്കെടുക്കുന്നത്. യോഗത്തില്‍ അധ്യക്ഷത വഹിക്കുന്ന പ്രസിഡന്റിന്റെ കസേരയ്ക്ക് നേരിയ ഉയരക്കൂടുതലുണ്ട്.
സത്യസന്ധരും വിവേകമതികളുമായ വ്യക്തികള്‍ ഇവിടെയിരുന്നു ഭരിക്കട്ടെയെന്ന മുന്‍ പ്രസിഡന്റ് ജോണ്‍ ആദംസിന്റെ വാക്കുകള്‍ ഡൈനിംഗ് റൂമില്‍ ഉദ്ധരിച്ചിരിക്കുന്നു. പുതിയ പ്രസിഡന്റിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് വൈറ്റ്ഹൗസ്.