യമുന നദി മാലിന്യമുക്തമാക്കുമെന്ന ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഉറപ്പ് പാലിക്കാത്തതിൽ കെജ്രിവാളിനെ, വെല്ലുവിളിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. അഞ്ചു വർഷം കൊണ്ട് യമുന നദി ശുദ്ധീകരിക്കുമെന്നും അതിൽ മുങ്ങികുളിക്കുമെന്നും, പുതിയ രാഷ്ട്രീയ വ്യവസ്ഥകൾ കൊണ്ട് വരും, അഴിമതികൾ പൂർണമായും ഇല്ലാതാക്കുമെന്നുമായിരുന്നു കെജ്രിവാൾ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നൽകിയ വാക്ക്.
എന്നാൽ ഇന്നും യമുന മാലിന്യമുക്തമായിട്ടില്ല. അദ്ദേഹത്തോട് തന്നെ ഇത് കുടിക്കാൻ ഞാൻ ആവശ്യപെടുന്നു. അതിന് ശേഷം അദ്ദേഹത്തെ കാണാൻ ഞങ്ങൾ ആശുപത്രിയിലേക്ക് പോകുമെന്നും പറഞ്ഞുകൊണ്ടാണ് രാഹുൽ കെജ്രിവാളിനെ വെല്ലുവിളിച്ചത്.
‘എഎപിയിലെ സംഘത്തിലെ പ്രതിനിധികളായ മനീഷ് സിസോദിയ, അതിഷി, സഞ്ജയ് സിംഗ്, രാഘവ് ഛദ്ധ, സത്യേന്ദ്ര ജെയിൻ എന്നിവർ നരേന്ദ്ര മോദിയോട് സാമ്യമുള്ളവരാണെന്നും രാഹുൽ വിമർശിച്ചു. കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഈ സംഘത്തിൽ ദളിത് ഒബിസി വിഭാഗത്തിൽ നിന്നോ, മുസ്ലിം വിഭാഗത്തിൽ നിന്നോ ആരും തന്നെ ഇല്ല. അവർ തന്നെയാണ് സംഘത്തെ രൂപീകരിച്ചത്. എവിടെയെങ്കിലും കലാപങ്ങൾ ഉണ്ടായാൽ ഇവർ അപ്രതീക്ഷിതമാവുകയും ചെയ്യും’.
കെജ്രിവാളും മോദിയും തമ്മിൽ ഒരു വ്യത്യാസവുമില്ല. മോദി എല്ലാം തുറന്നു പറയുന്നു കെജ്രിവാൾ പിന്നിൽ നിന്നും ശാന്തമായി പ്രവർത്തിക്കുന്നു എന്നത് മാത്രമാണ് വ്യത്യാസം. ആവശ്യം വരുമ്പോൾ ഇദ്ദേഹത്തെ കാണുകയുമില്ലെന്നും രാഹുൽ വിമർശിച്ചു.
രണ്ട് വ്യത്യസ്ത ആശയങ്ങൾ ഉള്ള പാർട്ടികൾ തമ്മിലാണ് തെരഞ്ഞെടുപ്പ് മത്സരം നടക്കുന്നത്. ഒന്ന് ഐക്യത്തിന്റെ പാർട്ടിയായ കോൺഗ്രസ്സും മറ്റൊന്ന് വിദ്വേഷം നിറഞ്ഞ ബിജെപി ആർഎസ്എസ് പാർട്ടിയുമാണ്. നരേന്ദ്ര മോദി ഇന്ന് പ്രധാനമന്ത്രിയാണ്. സ്ഥാനമൊഴിഞ്ഞാൽ പിന്നെ അദ്ദേഹത്തെ ആരും ഓർക്കുക പോലും ചെയ്യില്ല. ഇന്ത്യയിൽ രണ്ട് ആളുകളുണ്ട്. മഹാത്മാ ഗാന്ധിയും ഗോഡ്സെയും. ഇവരിൽ ഗോഡ്സെയെ ആരും ഓർക്കില്ല. അതാണ് വ്യത്യാസമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഡൽഹിയിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ.