തിരുവനന്തപുരം: വിഴിഞ്ഞം തീരക്കടലിൽ ബുധനാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ ജലസ്തംഭം രൂപപ്പെട്ടു. വിഴിഞ്ഞം തീരത്തോട് ചേർന്നാണ് ഈ അപൂർവ ജലസ്തംഭം, അഥവാ വാട്ടർസ്പൗട്ട് (Waterspout), രൂപപ്പെട്ടത്. സാധാരണ പത്ത് മുതൽ ഇരുപത് മിനുറ്റ് വരെയാണ് വാട്ടർ സ്‌പൗട്ട് ഉണ്ടാവുക. എന്നാൽ വിഴിഞ്ഞത്ത് അരമണിക്കൂറോളം നീണ്ടു നിന്ന ഈ പ്രതിഭാസം പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചു.

വിഴിഞ്ഞത്ത് കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പും കടലാക്രമണ സാധ്യതാ മുന്നറിയിപ്പും നൽകിയിരുന്നത് കൊണ്ട് മത്സ്യത്തൊഴിലാളികൾ കടലിൽ പോയത് കുറവായിരുന്നു. ഇത് വലിയ ദുരന്തം തന്നെ ഒഴിവാക്കാൻ സഹായിച്ചു. 

ഒരു ചുഴലിക്കാറ്റ് പോലെ കടലിനു മുകളിൽ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് വാട്ടർസ്പൗട്ട്. ഓഖി ചുഴലിക്കാറ്റ് പോലുള്ള വലിയ ദുരന്തങ്ങൾക്ക് മുൻപും ഇത്തരം വാട്ടർസ്പൗട്ടുകൾ കണ്ടിരുന്നു. അത് കൊണ്ട് തന്നെ ഈ പ്രതിഭാസം മത്സ്യത്തൊഴിലാളികളെ ഏറെ ഭീതിയിലാഴ്ത്തി. വാട്ടർസ്പൗട്ടിനെ തുടർന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വാട്ടർസ്പൗട്ട് എന്താണ്?

ക്യുമുലോനിംബസ് എന്ന മഴമേഘങ്ങൾ കടലിനു മുകളിൽ എത്തുമ്പോൾ, അതിലെ ശക്തമായ ഉയർന്നുയരുന്ന വായുപ്രവാഹം കടലിലെ ജലത്തെ വലിച്ചുകൊണ്ട് ഒരു ചുഴലി രൂപപ്പെടുന്നു. ഈ ചുഴലി രൂപപ്പെടുന്ന സ്ഥലത്ത് കടലിലെ ജലം വായുവിലേക്ക് ഉയരുകയും ചെയ്യും. അന്തരീക്ഷത്തിലെ നീരാവി, പൊടിപടലം, കാറ്റ് എന്നിവ ചേർന്ന് ഈ ചുഴലിക്ക് ഇരുണ്ട നിറം നൽകുന്നു. ശാസ്‌ത്ര ഗവേഷകർ പറയുന്നത് അനുസരിച്ച് അന്തരീക്ഷത്തിലെ ചൂടാണ് ഇതിന്റെ പ്രധാന കാരണം.