ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന പ്രവര്‍ത്തനത്തെ തുരങ്കം വയ്‌ക്കുന്നവിധം ചില മാധ്യമങ്ങള്‍ നടത്തിയ കള്ളപ്രചാരവേലകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌:സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌.

മുണ്ടക്കൈ-ചൂരല്‍മല-പുഞ്ചിരിമറ്റം മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രകൃതി ദുരന്തമായിരുന്നു. നൂറ്‌ കണക്കിന്‌ മനുഷ്യ ജീവനുള്‍പ്പെടെ കനത്ത നഷ്ടമാണ്‌ ദുരന്തം സൃഷ്ടിച്ചത്‌. ദുരന്ത മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും, ഏല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയതുമായിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി കേരളത്തിന്‌ ആവശ്യപ്പെടാന്‍ കഴിയുന്ന തുക ഇനം തിരിച്ച്‌ നല്‍കുകയാണ്‌ സംസ്ഥാന സര്‍ക്കാര്‍ ചെയ്‌തത്‌. വയനാടിന്റെ പുനരധിവാസത്തിന്‌ വിശദമായ നിവേദനം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ്‌ ഇത്തരമൊരു നിവേദനം തയ്യാറാക്കിയത്‌.

വിവിധ ഇനങ്ങളിലായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായ നിര്‍ദ്ദേശമാണ്‌ കേരളം കേന്ദ്ര സര്‍ക്കാരിന്‌ നല്‍കിയ നിവേദനത്തിലുള്‍പ്പെടുത്തിയത്‌. ദുരന്തം കഴിഞ്ഞ്‌ 50 ദിവസം പിന്നിട്ടിട്ടും ഒരു രൂപ പോലും കേന്ദ്ര സഹായം ലഭിക്കാത്ത സാഹചര്യം മറച്ചുവച്ചുകൊണ്ടാണ്‌ ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചത്‌. കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്‌ നല്‍കിയ നിവേദനത്തിന്റെ ഉള്ളടക്കം സര്‍ക്കാര്‍ ചെലവഴിച്ച പണമെന്ന നിലയില്‍ പ്രചരിപ്പിക്കുകയാണുണ്ടായത്‌. പിന്നാലെ ബി.ജെ.പി, യു.ഡി.എഫ്‌ നേതാക്കള്‍ അത്‌ ഏറ്റുപിടിക്കുന്ന നിലയലുമുണ്ടായി. തികച്ചും നിരുത്തരവാദപരമായ നടപടിയാണ്‌ പ്രതിപക്ഷവും സ്വീകരിച്ചിട്ടുള്ളത്‌. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടും ചില മാധ്യമങ്ങള്‍ മാത്രമാണ്‌ തങ്ങള്‍ക്ക്‌ പറ്റിയ തെറ്റ്‌ തിരുത്തി വാര്‍ത്ത നല്‍കാന്‍ തയ്യാറായിട്ടുള്ളത്‌.

വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതിന്‌ ഇടപെടുന്ന സംവിധാനമാണ്‌ മാധ്യമങ്ങള്‍. ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിന്‌ ഉതകുന്ന പ്രവര്‍ത്തനങ്ങളാണ്‌ മാധ്യമങ്ങള്‍ നടത്തേണ്ടത്‌. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ ഉത്തരവാദിത്വങ്ങളും മറന്ന്‌ സംസ്ഥാന സര്‍ക്കാരിന്‌ അപകീര്‍ത്തി ഉണ്ടാക്കാനുള്ള വാര്‍ത്തകള്‍ പടച്ചുവിടുകയാണ്‌ ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങള്‍ തുടര്‍ച്ചയായി ചെയ്‌തുകൊണ്ടിരിക്കുന്നത്‌. മാധ്യമങ്ങളുടെ ഇത്തരം കള്ളക്കഥകളെ പ്രതിരോധിക്കുന്നതിന്‌ ജനാധിപത്യബോധമുള്ള പൊതുസമൂഹം രംഗത്തിറങ്ങണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.