വയനാട് ഉരുള്‍പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിന് നിർദ്ദേശം നല്‍കിയത്. അതേസമയം, ചെലവഴിച്ച തുകയെന്ന പേരിൽ തെറ്റായ കണക്കുകളുടെ വ്യാപക പ്രചരണമുണ്ടായെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

വയനാട് ദുരന്തത്തിൽ കേരളത്തിന് സഹായം നൽകുന്നതിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. മൂന്നാഴ്ചക്കകം മറുപടി നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. സഹായം ലഭ്യമാക്കുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നടപടിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. 

എസ്റ്റിമേറ്റ് തുക കണക്കാക്കുന്നതിന് കൃത്യമായ മാനദണ്ഡം വേണ്ടതാണെന്നും കോടതിപറ‍ഞ്ഞു. സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം എന്താണെന്ന് അറിയിക്കണം. അതേസമയം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നയാപൈസ സംസ്ഥാനത്തിന് ഇതേവരെ കിട്ടിയിട്ടില്ലെന്ന് അമിക്കസ് ക്യൂരിയും കോടതിയെ അറിയിച്ചു.