വയനാട്: ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം മേഖല വാസയോഗ്യമല്ലെന്ന് ഭൗമ ശാസ്ത്രജ്ഞൻ ഡോ. ജോൺ മത്തായി. പുഴയോട് ചേർന്ന ഭാഗത്തുള്ള വീടുകൾ സുരക്ഷിതമല്ലെന്നും എന്നാൽ ചൂരൽമലയിൽ കൂടുതൽ സുരക്ഷിത മേഖലകൾ ഉണ്ടെന്നും ഡോ. ജോൺ മത്തായി പറഞ്ഞു.

പുഞ്ചിരിമട്ടം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡോ. ജോൺ മത്തായി. പ്രദേശത്ത് ഒരു തവണയുണ്ടായ ഉരുൾപൊട്ടലിൻ്റെ പ്രതിഫലനമാണ് ഇപ്പോൾ കണ്ടത്. അണക്കെട്ട് പോലെ കെട്ടിക്കിടന്ന ജലവും മണ്ണും മരങ്ങളും ഒരുമിച്ച് താഴേക്ക് പതിച്ചതിനാലാണ് ദുരന്തത്തിൻ്റെ വ്യാപ്തി വർധിച്ചത്. ദുരന്ത ബാധിതമേഖലയിലെ സുരക്ഷിത പ്രദേശങ്ങൾ മാർക്ക് ചെയ്തിട്ടുണ്ടെന്നും പ്രദേശത്ത് കെട്ടിട നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ ഇനി തീരുമാനം നയപരമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സമിതിയുടെ പഠന റിപ്പോർട്ട് പത്ത് ദിവസത്തിനകം സർക്കാരിന് കൈമാറും.