മസ്‌ക്കറ്റ്: അറബിക്കടലില്‍ രൂപപ്പെടുന്ന ഉഷ്ണമേഖലാ ന്യൂനമര്‍ദമായ സയ്യാല്‍ ഒമാന്‍ തീരത്തേക്ക് അടുത്തുവരുന്നതായി കാലാവസ്ഥാ പ്രവചനം. ഇതേച്ചുടര്‍ന്ന് ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പശ്ചാത്തലത്തില്‍ ഒമാനിന്റെ ചില ഭാഗങ്ങളില്‍ ഒക്ടോബര്‍ 15 ചൊവ്വാഴ്ച പൊതു, സ്വകാര്യ മേഖലകളിലെ ജോലികളും സ്‌കൂളുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു. ചില ഗവര്‍ണറേറ്റുകള്‍ ഓണ്‍ലൈന്‍ പഠനരീതിയിലേക്ക് മാറി. രാജ്യത്തിന്റെ പല പ്രദേശങ്ങളിലായി 40 മുതല്‍ 90 വരെ മില്ലിമീറ്റര്‍ കനത്ത മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ സമിതി വിദ്യാലയങ്ങള്‍ക്കും ഓഫീസുകള്‍ക്കും താല്‍ക്കാലികമായി അവധി പ്രഖ്യാപിക്കുകയായിരുന്നു.

മസ്‌കറ്റ്, സൗത്ത് അല്‍ ഷര്‍ഖിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലാണ് ജോലിയും പഠനവും പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുന്നത്. അല്‍ വുസ്ത, നോര്‍ത്ത് അല്‍ ബത്തിന, സൗത്ത് അല്‍ ബതിന, അല്‍ ദാഖിലിയ, അല്‍ ദാഹിറ, അല്‍ ബുറൈമി എന്നിവിടങ്ങളിലെ പര്‍വതപ്രദേശങ്ങളില്‍ വിദ്യാലയങ്ങളും ഓഫീസുകളും റിമോട്ട് രീതിയിലേക്ക് മാറാനാണ് തീരുമാനം.

പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടിനുള്ളില്‍ തന്നെ തുടരാനും കാലാവസ്ഥയും സുരക്ഷാ നടപടികളും സംബന്ധിച്ച ഔദ്യോഗിക അപ്ഡേറ്റുകള്‍ നിരീക്ഷിക്കാനും അധികൃതര്‍ പൗരന്മാരോടും താമസക്കാരോടും അഭ്യര്‍ത്ഥിച്ചു. പൗരന്മാരുടെ സുരക്ഷയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും പ്രതികൂല കാലാവസ്ഥയുടെ ഈ കാലയളവില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും കമ്മിറ്റി ഊന്നിപ്പറഞ്ഞു.