ചരിത്രത്തിൽ ആദ്യമായി വിവാഹവേദിയാകാനൊരുങ്ങി രാഷ്ട്രപതി ഭവൻ. ഇന്ത്യയുടെ അധികാര കേന്ദ്രത്തിൽ വച്ച് വിവാഹിതയാവുന്നത് സിആർപിഎഫ് ഉദ്യോഗസ്ഥരാണ്. സിആർപിഎഫ് ഉദ്യോഗസ്ഥയായ പൂനം ഗുപ്തയാണ് സിആർപിഎഫ് അസിസ്റ്റന്റ് കമാന്റന്റ് ആയ അവിനാശ് കുമാറിനെ രാഷ്ട്രപതി  ഭവനിൽ വച്ച് വിവാഹം ചെയ്യാനൊരുങ്ങുന്നത്. ഫെബ്രുവരി 12നാണ് ഇവരുടെ വിവാഹം നടക്കുക. 

നിലവിൽ രാഷ്ട്രപതി ഭവനിലെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥയാണ് പൂനം ഗുപ്ത. 74ാം റിപബ്ലിക് ദിന പരേഡിലെ വനിതാ സംഘത്തെ നയിച്ചതിന്റെ പേരിൽ രാജ്യശ്രദ്ധ നേടിയ വനിതാ ഉദ്യോഗസ്ഥയാണ് പൂനം. തൊഴിലിനോടുള്ള ആത്മാർത്ഥതയും കൃത്യനിഷ്ഠയും കണക്കിലെടുത്താണ് രാഷ്ട്രപതി ഭവനിൽ വച്ച് വിവാഹിതയാവാൻ രാഷ്ട്രപതി ദൌപതി മുർമു പൂനം ഗുപ്തയ്ക്ക് അനുമതി നൽകിയിട്ടുള്ളത്. രാഷ്ട്രപതി ഭവനിൽ വച്ച് നടക്കുന്ന ആദ്യ വിവാഹമാകും ഇത്.