കുവൈറ്റ് സിറ്റി: കറൻസി വിപണികളിൽ ആധിപത്യം യുഎസ് ഡോളറിനാണെങ്കിലും ലോകത്തെ ഏറ്റവും മൂല്യമുള്ള കറൻസി കുവൈറ്റ് ദിനാറാണ്. 3.24 യുഎസ് ഡോളറാണ് നിലവിൽ ഒരു കുവൈറ്റ് ദിനാറിന്റെ മൂല്യം. ഇത് യുഎസ് ഡോളർ, യൂറോ, ജാപ്പനീസ് യെൻ തുടങ്ങി സാമ്പത്തിക വാർത്താ തലക്കെട്ടുകളിൽ എപ്പോഴും ഇടംപിടിക്കാറുള്ള മറ്റ് എല്ലാ കറൻസികളെയും മറികടക്കുന്നുവെന്നാണ് റിപ്പോർട്ട്. ഫോർബ്‌സ് ഇന്ത്യ, ഇൻവെസ്റ്റോപീഡിയ തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷം കുവൈറ്റ് ദിനാറിന്റെ മൂല്യം യുഎസ്ഡി 3.12നും 3.30നും ഇടയിലായിരുന്നു. ഒരു കുവൈറ്റ് ദിനാറിന് 280.4 രൂപയാണ് വിനിമയമൂല്യം. എണ്ണയെ അടിസ്ഥാനമാക്കിയുള്ള ശക്തമായ സമ്പദ് വ്യവസ്ഥയാണ് കുവൈറ്റിലേത്. കുവൈറ്റ് ദിനാറിന്റെ വിനിമയ മൂല്യത്തിന്റെ രഹസ്യവും അതുതന്നെ. തൊഴിലില്ലായ്മ നിരക്ക് രണ്ട് ശതമാനം മാത്രമാണ് കുവൈറ്റിൽ.

കുവൈറ്റ് ദിനാർ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ശക്തമായ കറൻസികളുള്ളതും ഗൾഫ് മേഖലയിൽ തന്നെ. തൊട്ടുപിന്നാലെ 2.65 ഡോളർ വിനിമയ മൂല്യമുള്ള ബഹ്‌റൈൻ ദിനാർ, 2.60 യുഎസ് ഡോളർ മൂല്യമുള്ള ഒമാനി റിയാൽ എന്നിവയാണ് ലോകത്തെ ഏറ്റവും മൂല്യമുള്ള കറൻസികൾ. 229.47 രൂപയാണ് ബഹ്‌റൈൻ ദിനാറിന്റെ വിനിമയ മൂല്യം. ഒമാൻ റിയാലിന്റെതാവട്ടെ 224.72 രൂപയാണ്. ജോർദാനിയൻ ദിനാർ, ജിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് എന്നിവയാണ് മൂല്യമേറിയ കറൻസുകളുടെ കൂട്ടത്തിൽ ഇവയ്ക്കു പിന്നാലെ വരുന്നത്.

കഴിഞ്ഞ ഒരു വർഷമായി ബഹ്റൈൻ ദിനാർ വിനിമയ മൂല്യത്തിന്റെ കാര്യത്തിൽ സ്ഥിരത പുലർത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു. കറൻസിയുടെ മൂല്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ അതിന്റെ വിതരണം, പലിശ നിരക്കുകൾ, പണപ്പെരുപ്പം എന്നിവയാണഅ പ്രധാനമായും പരിഗണിക്കപ്പെടന്നത്. രാഷ്ട്രീയ സ്ഥിരതയാണ് ബഹ്റൈൻ ദിനാറിന്റെ മികച്ച വിനിമയ മൂല്യത്തിന്റെ മറ്റൊരു പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നത്.

എണ്ണ വ്യവസായത്തോടൊപ്പം ബാങ്കിങ്, ഫിനാൻസ്, ടൂറിസം എന്നീ മേഖലകളിലെ മികച്ച സാമ്പത്തിക പ്രവർത്തനങ്ങളും ബഹ്‌റൈന്റെ സമ്പദ് വ്യവസ്ഥയുടെ സവിശേഷതയാണ്. അതേപോലെ പ്രധാനമായും എണ്ണയെ ആശ്രയിച്ച് നിലനിന്നിരുന്ന ഒമാൻ സമ്പദ് വ്യവസ്ഥയും വൈവിധ്യവൽക്കരണത്തിന്റെ പാതയിലാണ്.