തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ കെഎസ്ആർടിസിയുടെ എസി സൂപ്പർഫാസ്‌റ്റ് പ്രീമിയം ബസുകൾ സർവീസിന് എത്തി. 10 ബസുകളാണ് ആദ്യഘട്ടത്തിൽ എത്തിച്ചിരിക്കുന്നത്. വൈഫൈ കണക്ഷനോടെയുള്ള ബസിന്‍റെ ടിക്കറ്റ് നിരക്ക് സൂപ്പർഫാസ്‌റ്റിനും എക്‌സ്‌പ്രസിനും ഇടയിലായിരിക്കും. പുതിയ ബസുകളുടെ സർവീസ് അടുത്ത ആഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
40 സീറ്റുകളുള്ള ബസാണ് പുതുതായി നിരത്തിലിറങ്ങുന്നത്. മ്യൂസിക് സിസ്‌റ്റം, പുഷ് ബാക്ക് സീറ്റ് എന്നിവ ഇതിന്‍റെ പ്രത്യേകതകളാണ്. തിരുവനന്തപുരം – കോഴിക്കോട്, കോഴിക്കോട് – തിരുവനന്തപുരം, തിരുവനന്തപുരം – പാലക്കാട്, പാലക്കാട് – തൃശൂർ റൂട്ടുകളിലാണ് ആദ്യം ബസ് പരിഗണിക്കുന്നത്. ദേശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ എംസി റോഡിനാണ് മുൻഗണനയെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു.
കുറഞ്ഞ ചെലവിൽ സൗകര്യപ്രദമായ യാത്രയാണ് ലക്ഷ്യം. ഇടയ്‌ക്ക് യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ഗുണനിലവാരമുള്ള ഹോട്ടലുകളിൽ സൗകര്യം ഒരുക്കാനും ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. യാത്രയ്ക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം.