കാലിഫോർണിയയിലെ തീവ്രമായ കാട്ടുതീയെ തുടർന്ന് നിരവധി ആളുകൾക്ക് തങ്ങളുടെ വീടുകൾ ഉപേക്ഷിക്കേണ്ടി വന്നു. അവരിൽ പ്രമുഖനാണ് ഹോളിവുഡ് നടൻ ബെൻ അഫ്ലെക്. ലോസ് ഏഞ്ചൽസിലെ പസഫിക് പാലിസാഡ്‌സിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന അദ്ദേഹത്തിന് തീയുടെ കെടുതി കാരണം തന്റെ ആഢംബര വസതി ഒഴിഞ്ഞുപോകേണ്ടി വന്നു. തുടർന്ന് അദ്ദേഹം മുൻ ഭാര്യയും നടിയുമായ ജെന്നിഫർ ഗാർണറുടെ വീട്ടിൽ അഭയം തേടുകയായിരുന്നു.

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം തീരപ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ കാട്ടുതീയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പസഫിക് പാലിസാഡ്‌സിൽ നിരവധി കെട്ടിടങ്ങൾ നശിക്കുകയും ഏകദേശം 3,000 ഏക്കർ (1,200 ഹെക്ടർ) ഭൂമി കത്തി നശിക്കുകയും ചെയ്തു. മണിക്കൂറിൽ 100 മൈൽ വേഗതയിൽ വീശുന്ന കാറ്റ് തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കാരണമായി. ഈ സാഹചര്യത്തിലാണ് ബെൻ അഫ്ലെക് തന്റെ 176 കോടി രൂപ വിലമതിക്കുന്ന ആഢംബര വസതി ഉപേക്ഷിച്ച് ജെന്നിഫർ ഗാർണറുടെ വീട്ടിലേക്ക് മാറിയത്.

ജെന്നിഫറുടെ വീട്ടിലേക്ക് ബെൻ പോകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. തീപിടുത്തം നിരവധി വീടുകൾക്ക് നാശനഷ്ടം വരുത്തി. അമേരിക്കൻ ഗായിക മാൻഡി മൂറും ഇൻസ്റ്റാഗ്രാമിൽ തീപിടുത്തത്തിന്റെ വീഡിയോ പങ്കുവെച്ചു. തന്റെ കുടുംബത്തെയും വളർത്തുമൃഗങ്ങളെയും രക്ഷിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയുന്നതായി അവർ കുറിച്ചു. 

കൂടാതെ, തങ്ങളുടെ പ്രിയപ്പെട്ട റെസ്റ്റോറന്റുകൾ അടച്ചുപൂട്ടിയെന്നും നിരവധി സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും എല്ലാം നഷ്ടപ്പെട്ടുവെന്നും അവർ വേദനയോടെ പങ്കുവെച്ചു. സമൂഹം തകർന്നുവെന്നും എന്നാൽ ഒരുമിച്ച് നിന്ന് പുനർനിർമിക്കുമെന്നും മാൻഡി കൂട്ടിച്ചേർത്തു.