ദക്ഷിണാഫ്രിക്കക്ക് എതിരായ ടി20 പരമ്പരയിലെ ആദ്യ കളിയിൽ കിടിലൻ ജയം നേടിയിരിക്കുകയാണ് ടീം ഇന്ത്യ‌ ( India Cricket Team ). ബാറ്റിങ്ങിലും ബോളിങ്ങിലും ആധികാരിക പ്രകടനം കാഴ്ച വെച്ചാണ് സൂര്യകുമാർ യാദവിന്റെ സംഘം ആദ്യ കളിയിൽ ആതിഥേയരെ തകർത്തത്. ബംഗ്ലാദേശിന് എതിരായ ടി20 പരമ്പര തൂത്തുവാരിയതിന് ശേഷമെത്തുന്ന ഇന്ത്യ ദക്ഷിണാഫ്രിക്കയിലും സമാന വിജയമാണ് ലക്ഷ്യമിടുന്നത്.

ആദ്യ ടി20 ജയിച്ച് പരമ്പരയിൽ ലീഡെടുത്ത ഇന്ത്യക്ക് അടുത്ത കളിയിലും വിജയിക്കാനായാൽ പരമ്പര നഷ്ടപ്പെടില്ലെന്ന് ഉറപ്പിക്കാം. ഞായറാഴ്ച സെന്റ് ജോർജ് പാർക്കിലാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നടക്കുന്നത്. ഈ കളിയിൽ ഇന്ത്യൻ ടീമിൽ എന്തെങ്കിലും മാറ്റം വരുമോയെന്ന ആകാംക്ഷ ആരാധകർക്കുണ്ട്. രണ്ടാം ടി20 ക്ക് മുന്നോടിയായി ഇന്ത്യയുടെ പ്ലേയിങ് ഇലവൻ സാധ്യതകൾ നോക്കാം.


നിലവിൽ യുവ താരം അഭിഷേക് ശർമയുടെ ബാറ്റിങ് ഫോമാണ് ഇന്ത്യക്ക് ആശങ്ക നൽകുന്നത്. ബംഗ്ലാദേശിനെതിരെ നിരാശപ്പെടുത്തിയ അഭിഷേക് വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കക്ക് എതിരെ നടന്ന ഒന്നാം ടി20 യിലും ഫ്ലോപ്പായി. അഭിഷേകിന്റെ ഫോം ഇപ്പോൾ ഇന്ത്യക്ക് ബാധ്യതയാണ്. എ‌ന്നാൽ ആദ്യ കളിയിലെ പരാജയത്തിന്റെ പേരിൽ രണ്ടാം ടി20 യിൽ അഭിഷേകിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഇന്ത്യ പുറത്താക്കാൻ സാധ്യത ഇല്ല. മറ്റ് സ്പെഷ്യലിസ്റ്റ് ഓപ്പണർമാർ ടീമിൽ ഇല്ല എന്നതും എടുത്തുപറയണം.

അഭിഷേകിനൊപ്പം മലയാളി താരം സഞ്ജു സാംസണാകും ഓപ്പണറായി ഇറങ്ങുക. തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടി ടി20 ടീമിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു സഞ്ജു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്നെയാകും മൂന്നാം നമ്പരിൽ. ആദ്യ ടി20 യിൽ 21 റൺസ് നേടിയാണ് സ്കൈ പുറത്തായത്. ആദ്യ ടി20 യിൽ 33 റൺസെടുത്ത് വെടിക്കെട്ട് നടത്തിയ തിലക് വർമയാകും നാലാം നമ്പരിൽ ബാറ്റ് ചെയ്യുക. ഓൾ റൗണ്ടർമാരുടെ സ്ഥാനത്ത് ഹാർദിക് പാണ്ഡ്യയും അക്സർ പട്ടേലും ഇറങ്ങും. ഫിനിഷിങ് ദൗത്യം റിങ്കു സിങ്ങിനാകും.

ആദ്യ ടി20 യിൽ രണ്ട് സ്പെഷ്യലിസ്റ്റ് പേസർമാരും രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുമായിട്ടാണ് ഇന്ത്യ കളിച്ചത്. ഇതിലും മാറ്റമുണ്ടാകാൻ സാധ്യതയില്ല. അർഷ്ദീപ് പേസ് നിരയെ നയിക്കുമ്പോൾ, ആവേശ് ഖാൻ അദ്ദേഹത്തിന് കൂട്ടായി എത്തും. വരുൺ ചക്രവർത്തിയും രവി ബിഷ്ണോയുമാകും സ്പിന്നർമാർ. ആദ്യ കളിയിൽ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി ഇരുവരും തിള‌ങ്ങിയിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ ആദ്യ കളിയിലെ വിന്നിങ് കോമ്പിനേഷനെത്തന്നെ രണ്ടാം ടി20 യിലും ഇന്ത്യ നിലനിർത്താനാണ് സാധ്യത. യഷ് ദയാൽ, വിജയ്കുമാർ വൈശാഖ്, രമൺദീപ് സിങ്, ജിതേഷ് ശർമ എന്നിവരാണ് സ്ക്വാഡിലെ മറ്റ് താരങ്ങൾ. എന്നാൽ അടുത്ത കളിയിൽ ഇവർക്ക് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യത വിരളമാണ്.

രണ്ടാം ടി20 ക്കുള്ള ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, ആവേശ് ഖാൻ.