സഭയിലെ സ്ത്രീകളുടെ നേതൃത്വപരമായ റോളുകൾ വർധിപ്പിക്കുന്നതിന് ഘട്ടം ഘട്ടമായുള്ള സമീപനം ആവശ്യമാണെന്ന് ഡികാസ്റ്ററി ഫോർ ദി ഡോക്ടറൈൻ ഓഫ് ഫെയ്ത് പ്രിഫെക്ട് കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ്. സ്ത്രീകളുടെ ഉത്തരവാദിത്വങ്ങൾ ഉയർത്താനുള്ള വഴികളെക്കുറിച്ച് പര്യവേഷണം നടത്താൻ ഡികാസ്റ്ററി ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്തിനെ മാർപാപ്പ ചുമതലപ്പെടുത്തിയിരുന്നു.

വനിതാ ഡീക്കന്മാരെക്കുറിച്ചുള്ള ചർച്ചകൾക്കപ്പുറം വനിതാനേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിബദ്ധത കർദിനാൾ ഫെർണാണ്ടസ് ഊന്നിപ്പറഞ്ഞു. പുരോഗതിയുടെ സാധ്യതകൾ ഉണ്ടായിരുന്നിട്ടും, പല എപ്പിസ്കോപ്പൽ കോൺഫറൻസുകളും ഈ ശുശ്രൂഷകൾ സ്വീകരിക്കുന്നതിൽ മന്ദഗതിയിലാണെന്ന് കർദിനാൾ ഫെർണാണ്ടസ് അഭിപ്രായപ്പെട്ടു. ഇതിനായുള്ള സാക്ഷ്യങ്ങളും നിർദേശങ്ങളും പങ്കിടാൻ അദ്ദേഹം സിനഡ് അംഗങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ പ്രോത്സാഹിപ്പിച്ചു. ഡികാസ്റ്ററി ഫോർ ദി ഡോക്ട്രിൻ ഓഫ് ദി ഫെയ്ത്ത് ഈ നിർദേശങ്ങൾ ശേഖരിക്കുകയും കേൾക്കുകയും ചെയ്യുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർദിനാളിന്റെ സമീപനം വേഗത്തിലുള്ള പരിഹാരങ്ങളെക്കാൾ ക്രമാനുഗതവും പ്രായോഗികവുമായ നടപടികൾക്ക് മുൻഗണന നൽകുന്നു. “യാഥാർഥ്യം ആശയത്തേക്കാൾ ശ്രേഷ്ഠമാണ്” – സഭാജീവിതത്തിന് സ്ത്രീകളുടെ നിലവിലുള്ള സംഭാവനകളെ അംഗീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.