ഹൃദയാഘാതത്തെ അതിജീവിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ള താരമാണ് സിനിമാസംവിധായകനും കോറിയോ​ഗ്രഫറുമായ റെമോ ഡിസൂസ. 2020-ലാണ് താരത്തിന് ഹൃ​ദയാഘാതം ഉണ്ടാകുന്നത്. ആരോ​ഗ്യത്തേക്കുറിച്ച് സദാ ജാ​ഗരൂകനായിരുന്ന തനിക്ക് ഹൃദയാഘാതം ഉണ്ടായപ്പോൾ അത്ഭുതപ്പെട്ടുവെന്ന് റെമോ പറഞ്ഞിരുന്നു. ഇപ്പോഴും തനിക്ക് എന്തുകൊണ്ട് ഹൃദയാഘാതം ഉണ്ടായി എന്നതിനേക്കുറിച്ച് വ്യക്തത കൈവന്നിട്ടില്ലെന്ന് റെമോ ഡിസൂസ പറയുന്നു.

താൻ സ്ഥിരമായി വ്യായാമം ചെയ്യുകയും ആരോ​ഗ്യം പരിപാലിക്കുകയും ചെയ്തിരുന്നു. മുമ്പും അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. പക്ഷേ ഇപ്പോൾ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ തുടങ്ങി. താനൊരിക്കലും പുകവലിച്ചിരുന്നില്ല, പാർട്ടികളിൽ പങ്കെടുക്കുകയോ, മദ്യപിക്കുകയോ ചെയ്തിരുന്നില്ല. ഇതാർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം- റെമോ ഡിസൂസ പറയുന്നു. 

ഹൃദയാഘാതത്തിനുശേഷം തന്റെ ജീവിതം പാടെ മാറിമറിഞ്ഞതിനേക്കുറിച്ചും റെമോ ഡിസൂസ പറഞ്ഞിരുന്നു. തുടക്കത്തിൽ തനിക്ക് അൽപം ബുദ്ധിമുട്ടുണ്ടായിരുന്നു. മിക്കവരുടെയും ഭക്ഷണരീതി പാക്കേജ്ഡ് ഫുഡുകളും കാൻ ഫുഡുകളും അടങ്ങിയതാണ്. അത് ഒഴിവാക്കേണ്ടതാണ്.

രോ​ഗത്തോടെ മാനസികാവസ്ഥയിലും കാര്യമായ മാറ്റമുണ്ടായെന്ന് നടൻ പറയുന്നു. ഇത്തരം സന്ദർഭങ്ങളിൽ കുടുംബത്തിന്റെ പിന്തുണയാണ് ഏറ്റവും വലുതെന്ന് തിരിച്ചറിയും. സമ്മർദമാണ് ഹൃദയാഘാതങ്ങളിലെ പ്രധാനകാരണങ്ങളിലൊന്ന്. കുടുംബത്തിന്റെ പിന്തുണയോടെ അതിനെ മറികടക്കാനാവും. എന്തെങ്കിലും പ്രശ്നമുള്ള സമയത്ത് ശരീരം ലക്ഷണങ്ങൾ കാണിച്ചിരിക്കും, അത് നിസ്സാരമാക്കരുതെന്നാണ് എല്ലാവരോടും പറയാനുള്ളതെന്നും റെമോ പറയുന്നു. 

ഹൃദയാഘാതമുണ്ടായ സമയത്ത് താൻ ജിമ്മിലായിരുന്നുവെന്ന് റെമോ ഡിസൂസ പറഞ്ഞിരുന്നു. സ്ട്രെച്ചിങ് കഴിഞ്ഞപ്പോൾ തനിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നും തുടർന്നുണ്ടായ വേദന മാറിയില്ലെന്നും താരം പറയുകയുണ്ടായി. ഒപ്പം ഓക്കാനം അനുഭവപ്പെടുകയും ചെയ്തതോടെ ഭാര്യ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് റെമോ പറഞ്ഞത്.