ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളില്‍, പണം അയക്കുന്ന അക്കൗണ്ടുകള്‍ മാറി പോകാറുണ്ട്. സാധാരണക്കാര്‍ക്കാണ് കൂടുതലായും ഇങ്ങനെ തെറ്റുപറ്റാറ്. എന്നാല്‍ നിരവധി സാമ്പത്തിക വിദഗ്ധരുളള ബഹുരാഷ്ട്ര കമ്പനിക്കാണെങ്കിലോ. അതും കോടതിയില്‍ പിഴയടക്കേണ്ട തുക. ഇത്തരംമൊരു അബദ്ധം പറ്റിയിരിക്കുന്നത് ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമമായ എക്സിനാണ്. 

കഴിഞ്ഞ ദിവസം വിലക്ക് നീക്കാനായി ബ്രസീല്‍ സുപ്രിംകോടതിയില്‍ എത്തിയ കമ്പനി അഭിഭാഷകരാണ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. പിഴ തുകയായ 5 മില്യണ്‍ (44 കോടി ഇന്ത്യന്‍ രൂപ) അയച്ച അക്കൗണ്ട് മാറിപ്പോയി.  ഇതിന്റെ ഫലമായി, എക്സിന് ബ്രസീലിൽ വീണ്ടും സേവനങ്ങൾ പുനരാരംഭിക്കാനാകുമോ എന്നതിൽ തീരുമാനമെടുക്കുന്നത് കോടതി മാറ്റിവെച്ചു. 

എന്തിനാണ് വിലക്ക്?

വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്ന ആരോപണത്തില്‍ ആരംഭിച്ച നിയമ പോരാട്ടമാണ് ബ്രസീലില്‍ എക്സ് നിരോധനത്തിലേക്ക് നീണ്ടത്. സുപ്രീം കോടതി ഉത്തരവിന് പിന്നാലെ  ഓഗസ്റ്റ് 31 മുതല്‍ രാജ്യത്ത് എക്സ് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. വ്യാജ വിവരങ്ങള്‍ പങ്കുവച്ച നിരവധി അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ ജഡ്ജി ഡി മൊറേസ് എക്സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് എക്സ് തയ്യാറായില്ല. വ്യാ‍ജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ അക്കൗണ്ട് മരവിപ്പിക്കാനും, രാജ്യത്തേക്ക് പുതിയ നിയമപ്രതിനിധിയെ നിയമിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. വിലക്കിന് ശേഷം വി.പി.എന്‍ ഉപയോഗിച്ച് എക്സ് ഉപയോഗിക്കുന്നവര്‍ക്കും കോടതി വിഴ വിധിച്ചിരുന്നു.

സെപ്റ്റംബർ 26നാണ് സേവനം പുനരാരംഭിക്കാനുള്ള പുതിയ അപേക്ഷ എക്സ് ബ്രസീല്‍ സുപ്രിംകോടതിയില്‍ നല്‍കിയത്. 5 മില്യണ്‍ പിഴയടക്കാനായിരുന്നു നിര്‍ദേശം. തുക അടച്ച ശേഷം കഴിഞ്ഞ വെള്ളിയാഴ്ച്ച കേസ് പരിഗണിച്ചപ്പോഴാണ് പണം കോടതി നിര്‍ദേശിച്ച അക്കൗണ്ടില്‍ എത്തിയില്ല എന്ന് മനസിലായത്. എന്നാല്‍ പണം അടച്ച രേഖകള്‍ എക്സ് അഭിഭാഷകര്‍ കോടതിയില്‍ നല്‍കി. ഇതോടെയാണ് പണം തെറ്റായ അക്കൗണ്ടിലേക്ക് അയച്ചതായി കണ്ടെത്തിയത്.  

പണം കൃത്യമായ അക്കൗണ്ടിലേക്ക് ആയക്കാമെന്ന് അഭിഭാഷകര്‍ അറിയിച്ചു. എങ്കിലും കോടതി നിര്‍ദേശിച്ച സമയപരിധി അവസാനിച്ചിരിക്കുകയാണ്. അബദ്ധം പറ്റിയ സ്ഥിതിക്ക് കോടതി അയയുമോയെന്ന് അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോള്‍ അറിയാം. എക്സിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യങ്ങളില്‍ ഒന്നാണ് ബ്രസീല്‍.