“എല്ലാം ഉപേക്ഷിച്ച് ഞങ്ങൾക്ക് അറിയാത്ത എവിടെയെങ്കിലും പോകുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. ഞങ്ങൾക്ക് നാടുവിട്ടു പോകണമെന്നില്ലായിരുന്നു. എന്നാൽ ഞങ്ങളുടെ മകനെ സംരക്ഷിക്കേണ്ടത് അത്യാവശ്യവുമായിരുന്നു.” യുക്രൈൻ – റഷ്യ യുദ്ധം കനത്ത നാളുകളിൽ സ്വന്തം രാജ്യത്തുനിന്നും രക്ഷപെടേണ്ടിവന്ന സെർഹി കിരിചെങ്കോയുടെ വാക്കുകളാണ് ഇത്. ഭാര്യ ഇറ ടെർനോവ്സ്കയും മകൻ ഡെനിസുമായി ഇംഗ്ലണ്ടിൽ അഭയം തേടിയ ഇവർ പ്രവാസത്തിലെ തങ്ങളുടെ മൂന്നാം വർഷത്തെ ക്രിസ്തുമസിന് ഒരുങ്ങുകയാണ്.

ബ്രിട്ടീഷ് ക്രിസ്‌തുമസിന് അനുസൃതമായി ഉക്രേനിയൻ ക്രിസ്‌തുമസ് കൊണ്ടുവരാൻ സഹായിക്കുന്ന ഒരു സാംസ്കാരികമാറ്റം അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഉക്രേനിയക്കാർ പരമ്പരാഗതമായി റഷ്യക്കാർ ഇഷ്ടപ്പെടുന്ന ജൂലിയൻ കലണ്ടർ ഉപയോഗിച്ചുവന്നിരുന്നു. ഈ കലണ്ടർപ്രകാരം ക്രിസ്‌തുമസ് ജനുവരി ഏഴിന് വരുന്നു. എന്നാൽ ആ പ്രവണതയ്ക്ക് മാറ്റം വന്നുതുടങ്ങി. പല ഉക്രേനിയക്കാരും ഇപ്പോൾ പടിഞ്ഞാറൻ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിക്കുന്നു. ഇതനുസരിച്ച് ക്രിസ്തുമസ് ഡിസംബർ 25 ന് ഇവർ ആഘോഷിക്കാൻ തുടങ്ങി.

ഉക്രേനിയക്കാരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ് രാവിൽ സസ്യാഹാരവിരുന്നോടെയാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. “കുറഞ്ഞത് 12 വിഭവങ്ങളെങ്കിലും ഉണ്ടാക്കുന്നത് പാരമ്പര്യമാണ്” – സെർഹി വിശദീകരിക്കുന്നു. ഉക്രേനിയൻ ക്രിസ്തുമസ് ദിനം ബ്രിട്ടീഷുകാരുമായി വളരെ സാമ്യമുള്ളതാണെന്ന് സെർഹി വിശദീകരിച്ചു.

പന്ത്രണ്ടു വയസ്സുകാരൻ ഡെനിസ് ഈ ക്രിസ്തുമസ് കാലത്ത് സമ്മാനങ്ങൾക്കായി കാത്തിരിക്കുകയാണ്. അവനെ സംബന്ധിച്ചിടത്തോളം തന്റെ സ്‌കൂളും കൂട്ടുകാരുമാണ് ഏറ്റവും വലിയ സമ്മാനം. ആ സമ്മാനത്തിലേക്ക്, ആ കൂട്ടായ്മയിലേക്ക് എത്തുക എന്നത് എപ്പോൾ സംഭവിക്കുമെന്ന് അറിയാത്ത ഒരു കാര്യമാണ്.

“ഞങ്ങൾക്ക് അവരെ കാണാൻ കഴിയും. പക്ഷേ, അവരെ കെട്ടിപ്പിടിക്കാനാവില്ല. ഞങ്ങൾക്ക് അവരോടൊപ്പം സമയം ചെലവഴിക്കാൻ കഴിയും; പക്ഷേ അവരുടെ ചിത്രങ്ങളുമായി മാത്രം. ഞാൻ എന്റെ സഹോദരനെ മിസ് ചെയ്യുന്നു. ഞാൻ എന്റെ അമ്മയെയും അച്ഛനെയും സുഹൃത്തുക്കളെയും മിസ് ചെയ്യുന്നു; ഞാൻ മഞ്ഞിനെ മിസ് ചെയ്യുന്നു. യുക്രൈനിൽ ഈ സമയത്ത്, മഞ്ഞ് വീഴുമ്പോൾ, അത് വളരെ മനോഹരമാണ്” – ഇര സങ്കടത്തോടെ പറഞ്ഞു.