ക്രിസ്തുമസ് ആഘോഷങ്ങളുടെ മാറ്റ് കൂട്ടുന്നതിൽ പ്രധാനസ്ഥാനം വഹിക്കുന്ന ഒന്നാണ് ലൈറ്റുകൾ. ഈ ലൈറ്റുകൾ കുട്ടികളുടെ രൂപകൽപനയിൽനിന്നും ആശയങ്ങളിൽ നിന്നുമായാലോ? അതും ഒരു നഗരത്തെ പ്രകാശിപ്പിക്കാൻ, ക്രിസ്തുമസ് കാലത്ത് തിളക്കമേകാൻ കുട്ടികൾ ഡിസൈൻ ചെയ്യുന്ന ലൈറ്റുകൾ ഉപയോഗിച്ചാലോ? ഈ സാധ്യതകളെല്ലാം പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്ന ഒരു കൊച്ചുഗ്രാമമുണ്ട് സ്കോട്ട്ലൻഡിൽ.

സ്കോട്ട്ലൻഡിലെ ആകർഷകമായ ന്യൂബർഗ് ഗ്രാമത്തിലാണ് ഈ വ്യത്യസ്തരീതി നിലനിൽക്കുന്നത്. കുട്ടികളുടെ അവധിക്കാലം സർഗാത്മകതയും സാമൂഹിക മനോഭാവവും കൊണ്ട് നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു പതിവ് ഇവിടെ ആരംഭിച്ചത്. 2002 മുതലാണ് ഈ ഗ്രാമത്തിൽ കുട്ടികളുടെ ചിത്രങ്ങളിൽനിന്ന് ആശയങ്ങൾ സ്വീകരിച്ച് ഡെക്കറേഷൻ ലൈറ്റുകൾ നിർമിക്കുകയും അതുകൊണ്ട് ഗ്രാമം മുഴുവൻ അലങ്കരിക്കുകയും ചെയ്യുന്ന പതിവ് ആരംഭിക്കുന്നത്.

ഇതിനായി ഓരോ വർഷവും കുട്ടികൾക്ക് മത്സരം നടത്തുന്നു. പ്രൈമറി സ്‌കൂൾ കുട്ടികൾക്കിടയിലാണ് ലൈറ്റ് രൂപപ്പെടുത്തുന്നതിനായുള്ള മത്സരം നടത്തുന്നത്. ഈ മത്സരത്തിൽനിന്നും വിജയിയായി പ്രഖ്യാപിക്കപ്പെടുന്ന കുട്ടി വരച്ച ചിത്രമായിരിക്കും ആ വർഷത്തെ പ്രധാന ക്രിസ്തുമസ് ലൈറ്റായി മാറുന്നത്.

വളരെ ലളിതവും എന്നാൽ, അതിശയകരവുമായ ഒന്നാണ് ഈ മത്സരം. കുട്ടികളുടെ ഭാവനയെയും ക്രിസ്‌തുമസിന്റെ ആശയങ്ങളെയും ഒരുപോലെ സംവഹിക്കാൻ ഈ ലൈറ്റുകൾക്കും അതിനായുള്ള മത്സരത്തിനും കഴിയുന്നു. രണ്ട് കാലുകളുള്ള റെയ്ൻഡിയർ മുതൽ നൃത്തം ചെയ്യുന്ന ക്രിസ്തുമസ് മരങ്ങൾ വരെയും അതിനപ്പുറവുമുള്ള വിചിത്രമായ ചിത്രങ്ങൾ കുട്ടികളുടെ ഭാവനയെ ഉണർത്തുകയും സജീവമാക്കുകയും ചെയ്യുന്നതായി സംഘാടകരും വെളിപ്പെടുത്തുന്നു.

“ഞങ്ങളുടെ ഗ്രാമത്തിലെ ക്രിസ്മസ് ലൈറ്റുകൾ രൂപകൽപന ചെയ്തിരിക്കുന്നത് പ്രാദേശിക പ്രൈമറി കുട്ടികളാണ്. അവ ക്രിസ്തുമസ് ആഘോഷനാളിലെ ഏറ്റവും മികച്ച കാര്യമാണ്” – പ്രദേശവാസിയായ പോപ്പി മക്കെൻസി സ്മിത്ത് പറയുന്നു. ഈ അതുല്യമായ പ്രദർശനത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിനായി ന്യൂബർഗിലെ നിവാസികൾ എല്ലാ വർഷവും ഒത്തുചേരുന്നു. അതോടെ ഈ ആഘോഷം ഒരു ഗ്രാമത്തിന്റെ മുഴുവനായി മാറുന്നു.

സംഭവം ഇതൊക്കെയാണെങ്കിലും അതിശയിപ്പിക്കുന്ന കാര്യം ഈ പാരമ്പര്യം തുടങ്ങിവച്ചത് ആരാണെന്നു ആർക്കും അറിയില്ല എന്നതാണ്. “ഇത് ആരംഭിച്ച വർഷം കമ്മിറ്റിയിൽ പ്രാദേശിക സ്കൂളിൽനിന്നുള്ള ഒരു അധ്യാപകൻ ഉണ്ടായിരുന്നിരിക്കാം. പക്ഷേ, ആരും ഓർക്കുന്നില്ല. നമുക്കറിയാവുന്നത് ഇത് ഒരു വാർഷികമത്സരമായി മാറുകയും എല്ലാ സ്കൂൾകുട്ടികളും അവരുടെ ചിത്രങ്ങൾ വരയ്ക്കുകയും അതിൽ നിന്നും ഒരെണ്ണം ലൈറ്റായി മാറാൻ തിരഞ്ഞെടുക്കുകയും ചെയ്തു എന്നതാണ്” – ലൈറ്റുകൾ സംഘടിപ്പിക്കുന്ന ന്യൂബർഗ് ആക്ഷൻ ഗ്രൂപ്പിന്റെ തലവൻ ഷോന ഗ്രേ പറയുന്നു.

ഈ വർഷം പത്തു വയസ്സുള്ള ലോച്ച്ലാൻ ആണ് തന്റെ ഡ്രോയിംഗിലൂടെ മൽസരത്തിൽ വിജയിച്ചത്. ലോച്ച്ലാന്റെ ചിത്രം ഒരു ലൈറ്റായി നിർമിക്കാൻ അവർ തിരഞ്ഞെടുത്തു.