സനാ: യെമനിലെ ഹൂതി വിമതരുടെ 15 കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതായി അമേരിക്കൻ സൈന്യം അറിയിച്ചു. സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ വിമാനങ്ങളിൽ നിന്നും യുദ്ധക്കപ്പലുകളിൽ നിന്നും ആക്രമണം നടത്തിയതായി യുഎസ് പ്രതിരോധ മന്ത്രാലയമായ പെൻറഗൺ പുറപ്പെട്ടുവച്ച പ്രസ്താവനയിൽ പറയുന്നു. 

യെമന്റെ തലസ്ഥാനമായ സന ഉൾപ്പെടെ നിരവധി പ്രധാന നഗരങ്ങളിൽ സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി റിപ്പോർട്ടുകൾ പറയുന്നു. നവംബർ മുതൽ, ഹൂതി വിമതർ ചെങ്കടലിൽ 100 ഓളം കപ്പലുകൾ ആക്രമിച്ചിട്ടുണ്ട്. ഗസ്സയിലെ ഇസ്രായേലിൻ്റെ സൈനിക നടപടിക്ക് മറുപടിയായാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്ന് ഹൂതി വിമതർ പറയുന്നു.

ഹൂതികളുടെ ആയുധ സംവിധാനങ്ങൾ, താവളങ്ങൾ, മറ്റ് കേന്ദ്രങ്ങൾ എന്നിവയാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് അമേരിക്ക വ്യക്തമാക്കി. യെമന്റെ തലസ്ഥാനം ഉൾപ്പെടെ നിരവധി നഗരങ്ങളിൽ ആക്രമണം ഉണ്ടായതായി ഹൂതി വിമതരുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

തിങ്കളാഴ്ച, യെമനിൽ അമേരിക്കൻ നിർമ്മിത എംക്യു -9 റീപ്പർ ഡ്രോൺ ഹൂതി വിമതർ തകർത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുഎസ് സൈന്യം ഈ വാർത്ത സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.