ലഖ്നൗ: ഉത്തർ പ്രദേശിൽ വൻ പദ്ധതികളുമായി യോഗി ആദിത്യനാഥ് സർക്കാർ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പതിനൊന്ന് ടെക്സ്റ്റൈൽ പാർക്കുകൾ ആരംഭിക്കാനാണ് തീരുമാനം. ഷാംലി ജില്ലയിൽ 726 കോടി രൂപ മുതൽ മുടക്കിൽ ആദ്യ പാർക്ക് സ്ഥാപിക്കും. പ്രാദേശിക ഉത്പാദനം വർധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
11 ടെക്സ്റ്റൈൽ പാർക്കുകൾ ആരംഭിക്കാനാണ് സർക്കാർ തീരുമാനം. ഗോരഖ്പൂർ, മൗ, ഭദോഹി, അലിഗഡ്, ബാഗ്പത്, ഷാംലി എന്നിവിടങ്ങളിൽ ആറ് പാർക്കുകൾ ഉയരും. ഷാംലി ജില്ലയിലാണ് ആദ്യ പാർക്ക് സ്ഥാപിക്കുക. ഷാംലി ജില്ലയിലെ കൈരാന തഹസിൽ ജിഞ്ജന ഗ്രാമത്തിൽ 26.75 ഏക്കറിലാണ് ആദ്യ ടെക്സ്റ്റൈൽ പാർക്ക് തുറക്കുക. നെയ്ത്ത്, ഡൈയിങ്, പ്രിൻ്റിങ്, ഗാർമെൻ്റിങ് എന്നിവയുൾപ്പെടെ മൊത്തം 17 ഉത്പാദന യൂണിറ്റുകളുമായാണ് നിർദിഷ്ട ടെക്സ്റ്റൈൽ പാർക്ക് വ്യാപിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം, എടിഎം, പരിശീലനം, പരിശോധനാ കേന്ദ്രം, വിശ്രമ കേന്ദ്രം, കാൻ്റീൻ, പ്രഥമ ശുശ്രൂഷാ കേന്ദ്രം തുടങ്ങിയ സംവിധാനങ്ങൾ ഇവിടെയുണ്ടാകും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചൈനയിൽ നിന്നും അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നതിൻ്റെ ആവശ്യക്ത കുറയ്ക്കാൻ പദ്ധതി സഹായിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഉത്തർ പ്രദേശ് ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻ്റിങ് നയം 2022 പ്രകാരം സർക്കാർ അംഗീകാര സമിതി ഷാംലിയിൽ ഒരു പാർക്ക് വികസിപ്പിക്കുന്നതിന് ലോനെക്സ് ടെക്സ്റ്റൈൽ പാർക്ക് പ്രൈവറ്റ് ലിമിറ്റഡിന് തത്വത്തിൽ അനുമതി നൽകി. മൊത്തം 600 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഏകദേശം 5,000 പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. അടുത്തവർഷം ഡിസംബറോടെ പാർക്ക് പ്രവർത്തനക്ഷമമാക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് 11 സ്വകാര്യ ടെക്‌സ്‌റ്റൈൽ പാർക്കുകൾ സ്ഥാപിക്കുന്നതോടെ പ്രാദേശിക ഉത്പാദനം വർധിക്കുമെന്ന് ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽസ് പ്രിൻസിപ്പൽ സെക്രട്ടറി അലോക് കുമാർ പറഞ്ഞു. പദ്ധതി ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുകയും അസംസ്‌കൃത വസ്തുക്കൾക്ക് ചൈനയെ ആശ്രയിക്കുന്ന സാഹചര്യം കുറയാൻ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലഖ്‌നൗവിൽ 1000 ഏക്കറിൽ പിഎം മിത്ര പാർക്ക് വികസിപ്പിക്കുമെന്നും അലോക് കുമാർ കൂട്ടിച്ചേർത്തു. ഏകദേശം 126.61 കോടി രൂപ ചെലവിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് ലക്ഷ്യം. തെരുവ് വിളക്കുകളോട് കൂടിയ ടാർ റോഡുകൾ, ജലവിതരണം സംവിധാനം, മലിനജല സംവിധാനം, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം, മലിനജല ശിദ്ധീകരണ പ്ലാൻ്റ് എന്നീ സൗകര്യങ്ങൾ പാർക്കി ഉൾപ്പെടുത്തും. ഏകദേശം 126.61 കോടി രൂപ ചെലവിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് നിക്ഷേപകൻ പദ്ധതിയിടുന്നത്.